‘അണ്ടർ ദ മൈക്രോസ്കോപ്’; തന്ത്രപരമായി പ്രതിയെ കുടുക്കി അബുദാബി പൊലീസ്

abu-dhabi police-arrest
SHARE

ഇഫ്താര്‍ സമയത്ത് ലഹരിമരുന്ന് ഗുളികകള്‍ വില്‍ക്കാന്‍ ശ്രമിച്ച അറബ് പൗരനെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും 3,000 ഗുളികകളും പൊലീസ് പിടിച്ചെടുത്തു. ഇഫ്താർ സമയത്ത് പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും സജീവമായിരിക്കില്ല. ഇൗ അവസരം നോക്കി ഗുളികകള്‍ വില്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം.

ഇഫ്താറിന്റെ സമയത്ത് അധികൃതർ തന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കില്ലെന്ന വിശ്വാസത്തിലാണ് പ്രതി കൃത്യം നടത്തിയിരുന്നതെന്ന് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ താഹർ ഗരീബ് അൽ ദഹേരി പറഞ്ഞു. മഗ്‍രിബ് പ്രാർഥനയുടെ സമയത്താണ് പ്രതി  ഇടപാടുകൾ നടത്തിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി ഇടപാടുകാരൻ വലിയ തോതിലുള്ള ഗുളിക വിൽക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇയാൾക്കായി വലവീശിയത്. ‘അണ്ടർ ദ മൈക്രോസ്കോപ്’ എന്ന വിളിപ്പേരിലാണ് പൊലീസ് ഒാപ്പറേഷൻ സംഘടിപ്പിച്ചത്. പ്രതിയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും റെയ്ഡ് നടത്തുകയുമായിരുന്നു. പരിശോധനയിൽ ലഹരി മരുന്നുകളും പണവും പൊലീസ് കണ്ടെത്തി. 

അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്തപ്പോൾ പ്രതി ഞെട്ടിയെന്ന് പൊലീസ് പറഞ്ഞു. തന്റെ അതിബുദ്ധി പൊലീസിനു മുന്നിൽ വിലപ്പോയില്ലെന്നും പ്രതിക്ക് മനസ്സിലായി. പൊലീസിനെ തന്ത്രപരമായി കബളിപ്പിച്ചുവെന്നാണ് ഇയാൾ കരുതിയിരുന്നത്. തെളിവുകൾ നിരത്തിയപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. തുടർ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ വർഷവും റംസാൻ സമയത്ത് 73 കിലോ കഞ്ചാവുമായി ഒരു ഇടപാടുകാരനെ പൊലീസ് പിടികൂടിയിരുന്നു. 

MORE IN GULF
SHOW MORE