മുഖ്യമന്ത്രിക്ക് മലയാളി വീട്ടമ്മയുടെ സങ്കട ഹർജി; അബുദാബിയിലെ അടുക്കളയിൽ നിന്ന്

nisa-mani
SHARE

പതിനഞ്ച് വർഷമായി അബുദാബിയിലെ സ്വദേശി വീട്ടിലെ അടുക്കളപ്പണി ചെയ്യുന്ന മലയാളി യുവതി നാട്ടിലെ ദുരിതങ്ങൾക്ക് അറുതി വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന് സങ്കട ഹർജി സമർപ്പിക്കുന്നു. എറണാകുളം മട്ടാഞ്ചേരി പള്ളുരുത്തി എംഎൽഎ റോഡ് കല്ലിച്ചിറ വീട്ടിൽ നിസാ മണി(40)യാണ് മുഖ്യമന്ത്രിക്ക് സങ്കടം ബോധിപ്പിക്കാൻ മനോരമ ഒാൺലൈൻ തിരഞ്ഞെടുത്തത്. 

മുഖ്യമന്ത്രിക്കുള്ള കത്തിന്റെ പൂർണരൂപം: ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സാറിന്, മൂത്ത മകന് നാല് വയസ്സുള്ളപ്പോൾ ഭർത്താവുപേക്ഷിച്ച ഞാൻ 15 വർഷം മുൻപാണ് ഉപജീവനം തേടി അബുദാബിയിലെത്തിയത്. അന്നുതൊട്ട് ബനിയാസിലെ സ്വദേശിയുടെ വീട്ടിൽ അടുക്കള ജോലി ചെയ്തുവരികയായിരുന്നു. വീട്ടുടമസ്ഥരുടെ മികച്ച പിന്തുണയോടെ, അതുവരെയുള്ള സമ്പാദ്യം ഉപയോഗിച്ച് നാട്ടിൽ രണ്ടര സെന്റ് സ്ഥലവും അതിലൊരു വീടും പണിതു. എന്നാൽ രണ്ട് മക്കളിൽ മൂത്തയാളായ മകളുടെ കല്യാണാവശ്യങ്ങൾക്കായി മട്ടാഞ്ചേരിയിലെ ഒരു സഹകരണ ബാങ്കിൽ നിന്ന് വീട്ടുപറമ്പിന്റെ ആധാരം പണയം വച്ച് ആറ് ലക്ഷം രൂപ വായ്പയെടുത്തു. ഇതിനായി നല്ലൊരു സംഖ്യ ഇടനിലക്കാരും ബാങ്കുകാരും പല കാര്യങ്ങളും പറഞ്ഞു വാങ്ങി.  

നാട്ടിലേയ്ക്ക് പോലും പോകാരെ കഠിനമായി അധ്വാനിച്ച് ആ വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് തലയിൽ ഇടിത്തീ വീണ പോലെ മകളുടെ ഭർത്താവിന് വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റത്. അടിയന്തര ശസ്ത്രക്രിയക്കും മറ്റു ആശുപത്രി ചെലവിനുമായി വീണ്ടും ഇതേ ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപയ്ക്കു കൂടി അപേക്ഷ നൽകി. എന്നാൽ, 36,000 രൂപ സ്ഥാപനത്തിലെ ആള്‍ക്കാര്‍ കീശയിലാക്കി. മറ്റു ആവശ്യങ്ങൾ പറഞ്ഞു കുറേ തുകയും അവർ കൈക്കൂലിയായി വാങ്ങിച്ചു. നാല് ലക്ഷം രൂപയ്ക്ക് അപേക്ഷിച്ച് കൈയിൽ കിട്ടിയത് മൂന്ന് ലക്ഷം രൂപ മാത്രമാണ്. ഇതിൽ 6, 35,000 രൂപ ഇതിനകം അടച്ചെങ്കിലും ഇനിയും 10 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് ബാങ്കുകാർ വീട്ടിൽ ചെന്ന് ബുദ്ധിമുട്ടിക്കുകയാണ്.  

ഉടൻ രണ്ടര ലക്ഷം രൂപ അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന നോട്ടീസ് കഴിഞ്ഞ വർഷം അവസാനം ലഭിച്ചതിനെ തുടർന്ന് പലരിൽ നിന്ന് കടം വാങ്ങി ഒരു ലക്ഷം രൂപ അടച്ച് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിച്ചു. പണമടച്ചതിന്റെ രേഖയെല്ലാം കൈവശമുണ്ട്. എന്നാൽ, ബാങ്കുകാർ സ്ഥിരമായി വീട്ടിൽ ചെന്ന് ഇറക്കിവിടുമെന്നെല്ലാം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. വീട്ടിൽ രോഗിയായ, 85 വയസു കഴിഞ്ഞ മാതാവും മകളും അവളുടെ രണ്ട് പെൺമക്കളും എണീറ്റ് നടക്കാൻ പ്രയാസമുള്ള മരുമകനും മാത്രമാണുള്ളത്. 

ബ്ലേഡുകാരുടെ ഭീഷണി മൂലം പലപ്പോഴും മാതാവിന് രക്തസമ്മർദം കൂടി അസുഖം മൂർഛിക്കുന്നു. നിയമനടപടികളുടെ പേരിൽ ഇടയ്ക്കിടെ പണം തട്ടിയെടുത്തുകൊണ്ടിരിക്കുന്നു. നേരത്തെ സ്ഥലം എംഎൽഎയ്ക്കും മറ്റു ജനപ്രതിനിധികൾക്കും ഇതുസംബന്ധമായി പരാതി നൽകിയിലുന്നെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. ബഹുമാനപ്പെട്ട സാർ ഇതിന് ഒരു പരിഹാരമുണ്ടാക്കണം. ബ്ലേഡുകാരുടെ ശല്യമൊഴിവാക്കി കുടുംബത്തിന് സമാധാനമായി കഴിയാൻ പാവപ്പെട്ടവരുടെ നേതാവായ താങ്കൾ ശ്രമിക്കുമെന്ന വിശ്വാസത്തോടെ, സ്നേഹപൂർവം, നിസാ മണി, അബുദാബി. 

MORE IN GULF
SHOW MORE