നന്മകളുടെ നോന്പുകാലം

gw-ramzan-t
SHARE

വിശുദ്ധിയുടെ റമസാന്‍ വ്രതാരംഭത്തിന് തുടക്കമായി. ഇനിയുള്ള മുപ്പത് പകലുകള്‍ ഉപവാസത്തിന്‍റെയും രാത്രികള്‍ ഉപാസനയുടേതുമായിരിക്കും.  

ഹൃദയത്തില്‍ നന്മകള്‍ പൂക്കുന്ന വ്രതമാസമാണ് റമസാൻ.  പുലർച്ചെ മുതൽ സന്ധ്യ വരെ അന്നപാനീയങ്ങൾ പൂർണമായി വർജിക്കുന്നതാണ് ഇസ്ലാമിലെ വ്രതം. സൌം എന്ന അറബി വാക്കിന് സംയമനം അഥവാ വിട്ടുനില്‍ക്കല്‍ എന്നാണര്‍ഥം. നിഷിദ്ധമായ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനാണ് വ്രതാനുഷ്ഠാനം പ്രേരിപ്പിക്കുന്നത്. പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിക്കുന്ന ഒരു രഹസ്യ പ്രാര്‍ഥനയാണിത്.

വ്രതമെടുക്കുന്ന വിശ്വാസികള്‍ നിര്‍ബന്ധ നമസ്കാരത്തിലും അനുബന്ധ പ്രാര്‍ഥനകളിലും മുഴുകുന്നു. രാത്രികളിലെ പ്രത്യേക തറാവീഹ് നമസ്കാരത്തിലും നൂറുകണക്കിന് വിശ്വാസികളെത്തുന്നു.  റമസാനിലെ പ്രാര്‍ഥനകള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.  ആത്മീയതയ്ക്കപ്പുറം ശാസ്ത്രീയമായി ഒട്ടേറെ ഗുണങ്ങളുണ്ട് നോന്പിന്. അതു കൊണ്ട് തന്നെ വിശ്വാസത്തിൻറെ ഭാഗമായല്ലാതെയും റമസാൻ വ്രതം അനുഷ്ഠിക്കാം.

വ്രതാനുഷ്ഠാനത്തില്‍ ഭേദഭാവങ്ങളില്ലാതെ എല്ലാവരും തുല്യരാണ്. ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ച് വിശപ്പ് എന്ന വികാരം അനുഭവച്ചറിയുന്പോൾ സഹജീവികളോട് കരുണയും സ്നേഹവുമുണ്ടാകുന്നു. റമസാനിൽ ദാനധര്‍മങ്ങളിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും പാവപ്പെട്ടവർക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് വിശ്വാസികൾ.

റമസാൻറെ പ്രത്യേകതകളായ സമൂഹ നോമ്പുതുറ എല്ലാവരും തുല്യരാണെന്ന സന്ദേശം നൽകുന്പോൾ സകാത്തും ഫിത്ര്‍ സകാത്തും പറയുന്നത് സഹജീവികളോടുള്ള കരുതലിൻറെ ഉദാഹരണങ്ങളാണ്. പങ്കുവയ്ക്കലിൻറെ മഹത്തായ സന്ദേശം പകരുക കൂടിയാണ് ഇഫ്താർ കൂടാരങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ സ്വദേശികളും വിദേശികളും വിപുലമായ സമൂഹനോമ്പുതുറകൾ ഒരുക്കാറുണ്ട്. 

മനസും ശരീരവും വാക്കും പ്രവൃത്തിയും ഒത്തുചേര്‍ന്ന പരിശുദ്ധി ആര്‍ജിക്കുമ്പോഴേ വ്രതാനുഷ്ഠാനം പൂര്‍ണമാകൂ. അങ്ങനെ ഒരു നല്ല വ്രതാനുഭവത്തിൻറെ ദിവസങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞു ഇസ്ലാം സമൂഹം. 

MORE IN GULF
SHOW MORE