നല്ല മലയാളികൾ

gw-malayale-family-help-t
SHARE

അപകടത്തിൽ പെട്ട കാർ ഡ്രൈവറെ സഹായിച്ച മലയാളി ദന്പതികൾക്ക് പൊലീസിൻറെ അഭിനന്ദനം. അബുദാബിയിൽ പ്രവാസികളായ സൂഫിയാനെയും ആലിയയെയുമാണ് അവരുടെ നല്ല ഇടപെടലിന് അബുദാബി പൊലീസ് ആദരിച്ചത്.

ആപത്തിൽ പെട്ടവനെ സഹായിക്കുന്ന നല്ല സമരിയാക്കാരൻറെ സന്ദേശം ജീവിതത്തിലേക്ക് പകർത്തുകയായിരുന്നു സൂഫിയാൻ ഷാനവാസും പത്നി ആലിയയും. ഈ ദന്പതികളുടെ ഇടപെടൽ രക്ഷിച്ചത് ഒരു ജീവനും ഇല്ലാതാക്കിയത് വലിയ അപകടവുമായിരുന്നു. 

അബുദാബിയിൽ നിന്ന് അൽ ഐനിലേക്ക് വാരാന്ത്യം ആഘോഷിക്കാനുള്ള യാത്രയിലായിരുന്നു സൂഫിയാനും ആലിയയും. മഷ്റഖ് പിന്നിട്ടപ്പോഴാണ് അവർ ആ കാഴ്ച കണ്ടത്. അതിവേഗത്തിൽ വാഹനങ്ങൾ പോകുന്ന ഹൈവേയിൽ ഒരു പിക് അപ്പ് അപകടത്തിൽ പെട്ട് കിടക്കുന്നു. മറ്റുള്ളവർ വാഹനങ്ങൾ നിർത്താതെ തിരക്കിട്ട് പാഞ്ഞപ്പോൾ ഇവർക്ക് അങ്ങനെ ചെയ്യാൻ തോന്നിയില്ല. പിന്നീടുണ്ടായതെന്തെന്ന് സൂഫിയാൻ പറയും.

വാഹനങ്ങൾ ചീറിപ്പായുന്ന അബുദാബി അൽ ഐൻ ഹൈവേയിൽ മറ്റു വാഹനങ്ങൾ അപകടത്തിൽ പെട്ട വാഹനത്തിൽ വന്നിടിച്ച്​ വൻ ദുരന്തമുണ്ടാകുമെന്ന്​ മനസ്സിലാക്കി ഈ ദമ്പതികൾ റോഡിൽ ട്രാഫിക്കും  കൈകാര്യം ചെയ്തു. ഇതിനിടയ്ക്ക് പൊലീസിനെയും വിവരമറിയിച്ചു. പൊലീസെത്തി ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ശനിയാഴ്ച ഇവരെ തേടി അപ്രതീക്ഷിതമായി പൊലീസിൻറെ ഫോണെത്തി. അബുദാബി മുറൂർ പൊലീസ് സ്റ്റേഷനിലേക്ക് എത്തണമെന്നായിരുന്നു സന്ദേശം. അപകടമൊഴിവാക്കുന്നതിനായി ശരിയായ ഇടപെടലുകൾ നടത്തിയ സൂഫീയാനെയും ആലിയയെും കാത്ത് അവിടെ ഇരുന്നത് പൊലീസിൻറെ ആദരവും അനുമോദനവും ആയിരുന്നു. അബുദാബിയിലെ  ഗതാഗത-പട്രോൾ ഡയറക്​ടറേറ്റ്​ ഡയറക്​ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ്​ ആൽ ഖെയ്​ലി തന്നെ ഇവരെ ആദരിക്കാനെത്തി. ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായിരുന്നു ഇത്. 

കഴിഞ്ഞ ദിവസം മഫ്റഖ് ആശുപത്രിയിലെത്തി അപകടത്തിൽ പെട്ട ഈജിപ്തുകാരനെ സന്ദർശിക്കുകയും ചെയ്തു ഇരുവരും. തിരുവനന്തപുരം അഞ്ചാങ്കല്ല് സ്വദേശിയായ സൂഫിയാൻ ഇത്തിസലാത്തിലാണ് ജോലി ചെയ്യുന്നത്. തൃശൂർ സ്വദേശി ആലിയ മറീന മാളിൽ ഫിനാൻസ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ഇരുവരുടെ നല്ല പ്രവർത്തിക്കും നാനാ ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ.

MORE IN GULF
SHOW MORE