താജ്മഹലും ബുര്‍ജ് ഖലീഫയും ഒറ്റ ഫ്രെയ്മില്‍; ദുബായിൽ വരുന്നു, മാസ്സ് ഒപ്പന

mass-oppana-dubai
SHARE

താജ്മഹലിന്റെ മനോഹാരിതയും ബുർജ് ഖലീഫയുടെ പ്രൗഢിയും സമന്വയിപ്പിച്ചുകൊണ്ട് ദുബായിൽ മാസ്സ് ഒപ്പന ഒരുങ്ങുന്നു. തനത് മാപ്പിള കലയുടെ ദൃശ്യവിസ്മയമാകുന്ന മാസ്സ് ഒപ്പനയിൽ ആയിരത്തിലേറെ പേർ പങ്കെടുക്കും. ദുബായ് അൽ നാസർ ഐസ് കേറ്റിങ്ങിൽ ജൂൺ 22നാണ് പരിപാടി.

ലോകാദ്ഭുതങ്ങളിൽ ഒന്നായ താജ് മഹലിന്റെയും ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെയും രൂപങ്ങൾ താളമേളങ്ങളോടെ ഒപ്പനയിലൂടെ പണിതുയർത്തും. ഗിന്നസ്, യുആർഎഫ്, ലിംകാ ബുക് ഒാഫ് വേൾഡ് റെക്കോർഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് എന്നീ നാല് റെക്കോർഡുകളും ലക്ഷ്യമിടുന്നതായി ഒപ്പനയ്ക്ക്  നേതൃത്വം നൽകുന്ന കേരളാ വുമൺസ്കോർണർ പ്രതിനിധി ഷജിനാ ഫാസിൽ മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

ദൃശ്യ ശ്രാവ്യ കലാരൂപമായ ഒപ്പനയെ തനിമ കൈവിടാതെ പുതുരൂപവും ഭാവവും നൽകി ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ മുന്നണിയിൽ നിൽക്കുന്ന മാപ്പിള കലാകാരനും കേരളാ ഫോക് ലോർ അക്കാദമി യുവപ്രതിഭാ അവാർഡ് ജേതാവും മെഗാ ഒപ്പനകളുടെ ശിൽപിയുമായ ജുനൈദ് മെട്ടമ്മലാണ് മാസ്സ് ഒപ്പനയുടെ ആശയാവിവിഷ്കാരം നിർവ്വഹിക്കുന്നത്.  

786 പേർ അണിനിരക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് ദുബായ് ഗൾഫ് മോഡൽ സ്കൂളിലെ വിദ്യാർഥികളും അണിചേർന്നതോടെ എണ്ണം ഇരട്ടിയോളുമായിത്തീർന്നു. യുഎഇയിലുള്ള വിവിധ രാജ്യക്കാരും ഭാഷക്കാരും അണിനിരക്കുന്ന ഒപ്പനയുടെ പാട്ട് അറബിക്, ഉറുദു, മലയാളം ഭാഷകളുടെ സംഗമമായിരിക്കുമെന്ന് രചന നിർവഹിച്ച മൊയ്തു വാണിമേൽ പറഞ്ഞു. 

mass-oppna

യുഎയിലെ അറിയപ്പെടുന്ന അറബിക് യുവ ഗായിക മലയാളിയായ മീനാക്ഷി ജയകുമാർ, ദേവനന്ദ, രാജേഷ് മേനോൻ സംഘവും കുഞ്ഞി നീലേശ്വരവും സംഘവും എന്നിവരും അണിയറയിലുണ്ട്. 

MORE IN GULF
SHOW MORE