ഷാർജയിൽ ഏജന്റുമാരുടെ ചതിയിൽപ്പെട്ട സൂര്യയ്ക്കു തുണയായി മലയാളി വനിതകൾ‌

soorya-help
വീസാ ഏജൻ്റുമാരുടെ ചതിയിൽപ്പെട്ട് ദുരിതത്തിലായ സൂര്യ എന്ന ശ്രീലങ്കൻ യുവതിക്ക് സ്നേഹതീരം വനിതാ പ്രവർത്തകർ വിമാന ടിക്കറ്റ് കൈമാറുന്നു.
SHARE

ഷാർജ: വീസാ ഏജന്റ്മാരുടെ ചതിയിൽ പെട്ട് ദുരിതത്തിലായ ശ്രീലങ്കൻ യുവതിക്ക് തുണയായി മലയാളി വനിതാ കൂട്ടായ്മ.  പാസ് പോർട്ടും മറ്റു രേഖകളും നഷ്ട്ടപ്പെട്ട് പ്രതിസന്ധിയിലായ സൂര്യ എന്ന യുവതിക്കാണ് മലയാളി വനിതാ കൂട്ടായ്മയായ സ്നേഹതീരം സഹായ ഹസ്തം നീട്ടിയത്.

വീട്ടിലെ കഷ്ടപ്പാടും വിധവയായ അമ്മയുടെ രോഗവുമാണ് മൂന്ന് വർഷം മുൻപ് സൂര്യയെ ഗൾഫിൽ എത്തിച്ചത്, സ്കൂളിൽ ആയയുടെ ജോലി വാഗ്ദാനം ചെയ്ത് ഗൾഫിൽ എത്തിച്ച സൂര്യക്ക് നേരിടേണ്ടി വന്നത് ദുരിതങ്ങളുടെ നാളുകൾ. സ്കൂളിലെ ആയ ജോലിക്ക് പകരം വിവിധ വീടുകളിൽ ജോലിക്ക് അയക്കുമായിരുന്നു. എന്നാൽ, വളരെ തുച്ഛമായ വേതനമാണ് നൽകിയത്. ഏജന്റിൽ നിന്ന്പീഡന ശ്രമവും നേരിടേണ്ടി വന്നു. ഒരു ദിവസം ഏജന്റ് പുറത്തുപോയ തക്കം നോക്കി  താമസ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. 

അതുവഴി പാസ്പോർടും മറ്റു യാത്രാ രേഖകളും നഷ്ടമായി. ഒരു പകൽ മുഴുവൻ വിശന്ന് വലഞ്ഞ് നഗരത്തിൽ അല​​ഞ്ഞു നടന്ന സൂര്യയെ നാട്ടിലേയ്ക്കയക്കാമെന്ന് പറഞ്ഞ് ഒരു യുവതി കൂട്ടിക്കൊണ്ടുപോയെങ്കിലും അനാശാസ്യ കേന്ദ്രത്തിലേയ്ക്കാണ് എത്തിക്കുന്നത് എന്ന് മനസിലാക്കി അവരുടെ അടുത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട്, താൻ മുൻപ് ജോലി ചെയ്ത ഒരു വീടിനെ സമീപിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തു. അവരുടെ സഹായത്താൽ ഷാർജയിലെ ബെഡ് സ്പേസിൽ കഴിഞ്ഞ് വിവിധ സ്ഥലങ്ങളിൽ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ഒടുവിൽ രണ്ട് മാസം മുൻപ് നാട്ടിൽ അമ്മയ്ക്ക് രോഗം മൂർഛിച്ചതോടെ തിരിച്ചുപോകാൻ തീരുമാനിച്ചു. 

താൻ ജോലി ചെയ്യുന്ന വീട്ടിലെ ഗൃഹനാഥൻ മലയാളിയായ അജീഷ് സ്നേഹതീരം പ്രോഗ്രാം കൺവീനർ ദിനൽകുമാറുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി. തുടർന്ന് സ്നേഹതീരം വനിതാ പ്രവർത്തകരായ മിനി ജോയി ദാസ്, ജിസ്മി റീസൻ, മിനി അജിത്, ലക്ഷ്മി സജീവ് പിള്ള എന്നിവർ സൂര്യയ്ക്ക് സ്നേഹസാന്ത്വനം നല്‍കുകയും വീസയോ പാസ്പോർട്ടോ ഇല്ലാത്ത സൂര്യക്ക് ശ്രീലങ്കൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നാട്ടിലേയ്ക്ക് പോകാനുള്ള നടപടികളും പൂർത്തിയാക്കുകയായിരുന്നു. 

വിമാന ടിക്കറ്റ് നൽകിയതും സ്നേഹതീരം പ്രവർത്തകരാണ്. രോഗിയായ അമ്മയേയും മൂന്ന് വർഷമായി നേരിൽ‌ കാണാത്ത ഏക മകളെയും കാണാനുള്ള തിടുക്കത്തിലാണ് യുവതി. വെറും കയ്യോടെ സൂര്യ നാട്ടിലേക്ക് പോകരുത് എന്ന ആഗ്രഹത്താൽ അത്യാവശ്യം വേണ്ട സാധനങ്ങളും മകൾക്ക് മിഠായിയും മറ്റും സമ്മാനിക്കാനും സ്നേഹതീരം പ്രവർത്തകർ മറന്നില്ല. സാമൂഹിക രംഗത്ത് വളരെ കുറഞ്ഞ സമയം കൊണ്ടു ശ്രദ്ധേയരാണ് സ്നേഹതീരം പ്രവർത്തകര്‍. ഇൗ ഉദ്യമത്തിന് നേതൃത്വം നൽകിയ വനിതാ അംഗങ്ങളെ കൺവീനർ പ്രവീൺ കൃഷ്ണൻ, കോ ഒാർഡിനേറ്റർ കെ.വി.ജയരാജ്, ജെയ്സൺ ജേക്കബ് തട്ടിൽ, അജിത് കുമാർ എന്നിവർ അഭിനന്ദിച്ചു.

MORE IN GULF
SHOW MORE