മെഡിക്കൽ രംഗത്ത് ലോകോത്തര നിലവാരം ഉറപ്പിക്കാൻ നടപടികളുമായി ദുബായ്

helth-sector-t
SHARE

മെഡിക്കൽ രംഗത്തു ദുബായിയുടെ ലോകോത്തര നിലവാരം ഉറപ്പിക്കാൻ ശക്തമായ നടപടികളുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മൽസരക്ഷമത, സുതാര്യത, മെഡിക്കൽ സേവനങ്ങളും ഉൽപന്നങ്ങളും മികച്ചതാക്കൽ തുടങ്ങിയവ ലക്ഷ്യങ്ങളോടെ പുതിയ നിയമം നിലവിൽ വന്നു.

ദുബായിയുടെ ആരോഗ്യരംഗത്തു വളർച്ചയുടെ പുതിയ ഘട്ടത്തിനു സൌകര്യമൊരുക്കുന്നതാണു പുതിയ നിയമം. മെഡിക്കൽ ടൂറിസം രംഗത്തു ദുബായ് രാജ്യാന്തര കേന്ദ്രമാണെന്ന സ്ഥാനം ഉറപ്പിക്കാൻ  ഈ നിയമം സഹായിക്കും. മികച്ച മെഡിക്കൽ സൌകര്യങ്ങൾ, സ്ഥാപനങ്ങൾ, മെഡിക്കൽ വിദഗ്ധർ, അത്യാധുനിക സാങ്കേതിക വിദ്യ തുടങ്ങിയവ നൽകാൻ ദുബായിക്കു കഴിയണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. മികച്ച മെഡിക്കൽ ഇൻഷുറൻസ് സേവനം, രാജ്യാന്തര നിലവാരമനുസരിച്ചുള്ള മെഡിക്കൽ സേവനം, നിക്ഷേപത്തിനു മികച്ച അടിസ്ഥാന സൌകര്യം തുടങ്ങിയവ ദുബായ് ഹെൽത്ത് അതോറിറ്റി ഉറപ്പാക്കണമെന്ന് നിയമം അനുശാസിക്കുന്നു. 

മെഡിക്കൽ ടൂറിസത്തിനും മെഡിക്കൽ വിദ്യാഭ്യാസത്തിനും ഏറ്റവും മികച്ച സ്ഥലമാകാനുള്ള സാഹചര്യം, ആരോഗ്യരംഗത്ത് ഇന്നവേഷൻ, മുൻകരുതൽ നടപടികൾ എന്നിവയും ഡിഎച്ച് എയുടെ ഉത്തരവാദിത്തങ്ങളാണ്. ദുബായ് ആരോഗ്യരംഗത്തിനായി സമഗ്രമായ പദ്ധതി ഡിഎച്ച്എ തയ്യാറാക്കണം. ദുബായിയുടെ ഭാവി ആവശ്യങ്ങൾ, നിക്ഷേപം തുടങ്ങിയവ സംബന്ധിച്ച് പഠനം, ഗവേഷണം തുടങ്ങിയവ നടത്തണം. ദുബായിലെ സ്വകാര്യ ആരോഗ്യ പരിചരണ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസും മറ്റു നിരക്കുകളും ക്രമപ്പെടുത്തേണ്ടതും അംഗീകരിക്കേണ്ടതും ഡിഎച്ച്എയുടെ ചുമതലയാണ്.

MORE IN GULF
SHOW MORE