ദുബായിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് സിഡിഎ അനുമതി നിർബന്ധം

cda-t
SHARE

ദുബായിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറ്റിയുടെ അനുമതി നിർബന്ധമാക്കി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ ഉത്തരവനുസരിച്ചാണ് നടപടി. 

സന്നദ്ധസേവന രംഗത്തെ മോശം പ്രവണതകൾ തടയാനും കൂടുതലാളുകളെ ഈ രംഗത്തേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഇതു സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരുന്നത്. ഇതുപ്രകാരം കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും സന്നദ്ധസേവനങ്ങൾ നടപ്പിലാക്കുക. വ്യക്തിപരമായി ചെയ്യുന്ന സേവന പ്രവർത്തനങ്ങൾക്കും കൂട്ടായി ചെയ്യുന്ന സേവന പ്രവർത്തനങ്ങൾക്കും അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. സന്നദ്ധ സേവനങ്ങൾക്കുള്ള പദ്ധതികളും പൊതുനയവും സിഡിഎ ആവിഷ്കരിക്കും. ഏതൊക്കെ മേഖലകളിലാണ് സേവന പ്രവർത്തനങ്ങൾ ആവശ്യമെന്നും സിഡിഎ നിശ്ചയിക്കും. സന്നദ്ധസേവനങ്ങൾക്ക് തയാറായ വിവിധ പ്രസ്ഥാനങ്ങളുമായി ഇക്കാര്യത്തിൽ സിഡിഎ കൈകോർക്കും. ഇതിനു പുറമേ സന്നദ്ധ സേവകരുടെ ഡാറ്റാ ബാങ്കും തയാറാക്കും. വൈദഗ്ദ്യം ആവശ്യമുള്ള മേഖലകളിൽ സന്നദ്ധ സഹായം നൽകാനാഗ്രഹിക്കുന്നവർക്ക്, പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട് നിശ്ചിത യോഗ്യത ഉണ്ടായിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. സിഡിഎയുടെ അനുമതിയും അംഗീകാരവുമില്ലാതെ സന്നദ്ധ സേവകരും സംഘടനകളും  പണപ്പിരവു നടത്താനോ സംഭാവനകൾ സ്വീകരിക്കാനോ പാടില്ല. സന്നദ്ധ സേവനങ്ങൾക്ക് മുന്നോട്ട് വരുന്നവർക്ക്, അവരുടെ ജോലി സമയത്ത് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിന് നിശ്ചിത സമയം അനുവദിക്കണമെന്നും പുതിയ നിയമം നിഷ്കർഷിക്കുന്നുണ്ട്. സന്നദ്ധസേവകരുടെ സേവനം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ ഇതുമായി ഇക്കാര്യം വ്യക്തമാക്കി സിഡിഎയുടെ അംഗീകാരത്തോടെ കരാർ ഒപ്പിടണം. 

MORE IN GULF
SHOW MORE