രക്ഷിച്ചത് ഒരു ജീവൻ, ദുബായിൽ ഈ മലയാളി നഴ്സ് മനസ് നിറഞ്ഞ് ചിരിക്കുന്നു

sreenisha-najathi
SHARE

ദുബായ്: രാജ്യാന്തര സന്തോഷ ദിനത്തിൽ ദുബായിലെ ഇൗ മലയാളി നഴ്സ് മനസ്സുനിറഞ്ഞു ചിരിക്കുന്നു. നിരാലംബയായ ഒരു ഇത്യോപ്യൻ യുവതിയുടെ ജീവൻ രക്ഷിക്കാൻ കാരണക്കാരായവരുടെ സംഘത്തിൽ ഉൾപ്പെട്ടതിന്റെ ചാരിതാർഥ്യത്തോട. 

വീട്ടുജോലിക്കാരിയായി യുഎഇയിലെത്തിയതിന്റെ രണ്ടാം നാൾ തൊഴിലുടമയുടെ വീട്ടിൽ ബോധശൂന്യയായി നിലംപതിക്കുകയും പിന്നീട്, ഏഴ് മാസത്തോളം ആശുപത്രിയിൽ ഇതേ അവസ്ഥയിൽ കിടക്കുകയും ചെയ്ത നജാതി(27)നെയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി ശ്രീനിഷയും സഹപ്രവർത്തകരും ചേർന്ന് ഇത്യോപ്യയിലേയ്ക്ക് കൊണ്ടുപോയത്. 

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ശ്രീനിഷ കഴിഞ്ഞ വർഷം ജൂലൈ 21നായിരുന്നു യുഎഇയിലെത്തിയത്. ദുബായ് ഇൻ്റർനാഷനൽ മോഡേൺ ആശുപത്രിയിൽ ജോലിക്ക് ചേർന്നതിന്റെ മൂന്നാമത്തെ ദിവസം നജാതിനെ ചികിത്സയ്ക്കായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശ്രീനിഷയ്ക്കായിരുന്നു യുവതിയെ പരിചരിക്കുന്ന ചുമതല ലഭിച്ചത്. ഇത്യോപ്യയിലെ വളരെ ദരിദ്ര കുടുംബത്തിലെ അംഗമായ നജാതിനെ സഹായിക്കാനോ ഒന്നു സന്ദർശിക്കാനോ പോലും ആരുമുണ്ടായിരുന്നില്ല. 

നജാതിന്റെ തൊഴിലുടമയെ ബന്ധപ്പെടാൻ ശ്രമിച്ച ആശുപത്രി അധികൃതർക്ക് നിരാശയായിരുന്നു ഫലം.  യുവതിയുടെ ദയനീയ മുഖം ശ്രീനിഷയെ ഏറെ വേദനിപ്പിച്ചു. ഒരു സഹോദരിയെ പോലെ അവരെ പരിചരിച്ചു. ഏഴ് മാസം ആശുപത്രിയിൽ കിടന്ന യുവതിയുടെ ആശുപത്രി ബില്ല് 20 ലക്ഷം ദിർഹം ആശുപത്രി അധികൃതർ തന്നെ വഹിക്കാൻ തീരുമാനിച്ചതോടെ അവരെ ഇത്യോപ്യയിലേയ്ക്ക് കൊണ്ടുപോകാനുള്ള സാഹചര്യമൊരുങ്ങി. ഇതേ തുടർന്ന് ആശുപത്രി അധികൃതർ ദുബായിലെ ഇത്യോപ്യൻ കോൺസുലേറ്റിനെ ബന്ധപ്പെട്ടു യാത്രയ്ക്കുള്ള വഴിയൊരുക്കി. 

sreenisha1

വളരെ വെല്ലുവിളി നിറഞ്ഞ യാത്രയായിരുന്നു ഇത്. ഇടയ്ക്കിടെ രക്തസമ്മർദം മാറിക്കൊണ്ടിരിക്കുന്നതിനാൽ യാത്രയിൽ ഏറെ സൂക്ഷ്മത പാലിച്ചു. വിമാനത്തിലെ നാല് സീറ്റുകൾ മടക്കിവച്ചു പ്രത്യേക സ്ട്രച്ചറിൽ, ഇസിജി, പോർടബിൾ വെൻ്റിലേറ്റർ, പൾസ് ഒാക്സിമീറ്റർ, സക് ഷൻ ഉപകരണം, ദ്രാവകം നൽകുന്നതിനുള്ള കുഴൽ, മരുന്നുകൾ, ഒക്സിജൻ സിലിണ്ടർറുകൾ, ചാർജറുകൾ, ബാറ്ററികൾ തുടങ്ങിയ ഉപകരണങ്ങൾ ഘടിപ്പിച്ചായിരുന്നു യാത്ര. ശ്രീനിഷ, പൂന സ്വദേശിനി ഡോ. സോനം ലൻഗ്ഡെ, ഡോ.സാദ് അബ്ബാസ് അൽ അബ്ബാസി എന്നിവരെയാണ് കൂടെ പോകാൻ ആശുപത്രി അധികൃതർ തിരഞ്ഞെടുത്തത്.  ഇത്യോപ്യൻ തലസ്ഥാനമായ അഡിസ് അബബയിലെ ബ്ലാക്ക് ലയൺ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം അവിടെ തങ്ങിയ സംഘം ആശുപത്രിയിലെ നഴ്സുമാർക്ക് നജാതിന്റെ രോഗാവസ്ഥയെക്കുറിച്ച് വിശദമായി വിവരിച്ച് നൽകി. എല്ലാം സുഗമമായ ശേഷമായിരുന്നു അവിടെ നിന്ന് ദുബായിലേയ്ക്ക് മടങ്ങിയത്.

sreenisha2

ഇത്യോപ്യയിലേയ്ക്ക് പോകണമെന്ന് കേട്ടപ്പോൾ ആദ്യം ഇത്തിരി ആശങ്ക തോന്നിയെങ്കിലും നജാതിന്റെ ദയനീയ മുഖം അതെല്ലാം അകറ്റാൻ കാരണമായെന്ന് ശ്രീനിഷ പറയുന്നു. നഴ്സ് എന്ന നിലയിൽ തന്റെ സേവന കാലത്തെ മറക്കാനാകാത്ത അനുഭവമായിത്തീർന്നു അത്. മൂന്നര മണിക്കൂറോളം വിമാന യാത്ര ചെയ്താണ് അഡിസ് അബബയിലെത്തിയത് ബ്ലാക് ലയൺ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലുള്ള നജാതിനെ താൻ ഒാർക്കാത്ത ദിവസമില്ലെന്ന് ശ്രീനിഷ പറയുന്നു. കാതങ്ങൾക്കപ്പുറമുള്ള ആ സഹോദരിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു.

ഇൻ്റർനാഷനൽ മോഡേൺ ആശുപത്രിയിൽ ഇതിന് മുൻപും ഇത്തരത്തിൽ രോഗികൾക്ക് സൗജന്യ ചികിത്സ നൽകിയിട്ടള്ളതായി സിഇഒ ഡോ.കിഷൻ പക്കൽ പറഞ്ഞു. മെഡിക്കൽ ഡയറക്ടർ ഡോ.രോഹിത് കുമാർ, ഡോ.സാദ് അൽ അബ്ബാസി എന്നിവരും നാട്ടിൽ നിന്ന് ഡോ.ഹഫീസ് റഹ്മാൻ വീഡിയോ കോൺഫറൻസിലൂടെയും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

MORE IN GULF
SHOW MORE