രാജകുടുംബത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി 51 വർഷം; മലയാളി ഡോക്ടർക്ക് ഏറ്റവും വലിയ സിവിലിയൻ അവാർഡ്

dr-george-mathew
SHARE

51 വർഷമായി അബുദാബിയുടെ ഹൃദയമിടിപ്പു തൊട്ടറിയുന്ന സേവനമികവിനാണു ഡോ. ജോർജ് മാത്യുവിന് അബുദാബി അവാർഡ് ലഭിച്ചിരിക്കുന്നത്. അഭിമാനകരമായ ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യക്കാരനായ ആദ്യ ഡോക്ടർ.

ഉന്നതവിദ്യാഭ്യാസവുമായി കൊച്ചുകേരളത്തിൽനിന്നെത്തി മരുഭൂമിക്കു ൈകപ്പുണ്യം പകർന്ന ഡോക്ടർക്കു മനംനിറയെ സ്നേഹാദരം നൽകിയത് അബുദാബി രാജകുടുംബാംഗങ്ങളാണെന്നതാണു മറ്റൊരു അപൂർവത. എന്നാൽ ഡോക്ടറെ സംബന്ധിച്ചിടത്തോളം അതിലേറെ അമൂല്യമായ മറ്റൊന്നുണ്ട്- യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് തന്നോടുണ്ടായിരുന്ന സ്നേഹവാൽസല്യം.

വ്യക്തിപരമായ കാര്യങ്ങളിൽപോലും ഉപദേശം തേടാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തോടുണ്ടായിരുന്നു. ആരോടും എപ്പോഴും എളിമയോടെ പെരുമാറുന്നതായിരുന്നു ഷെയ്ഖ് സായിദിന്റെ സവിശേഷത. അബുദാബി രാജകുടുംബത്തോടുള്ള ആത്മബന്ധം ഇന്നും തുടരുന്നു. 1967 മേയ് 13ന് ഡോ.ജോർജ് മാത്യു അബുദാബിയിൽ എത്തുമ്പോൾ വികസനത്തിന്റെ ശൈശവദശയിലായിരുന്നു നഗരം. പലമേഖലകളിലും വെള്ളവും വൈദ്യുതിയും റോഡുകളും ഉണ്ടായിരുന്നില്ല. രാജകുടുംബം അൽഐനിൽ ആരോഗ്യ ഡിപാർട്മെന്റിന്റെ ചുമതലയേൽപിച്ചതോടെ അബുദാബിയുടെ വികസനചരിത്രത്തിനൊപ്പം ഡോക്ടറുടെയും ജൈത്രയാത്ര തുടങ്ങി. അൽഐനിൽ ആധുനിക സൗകര്യങ്ങളോടെ ക്ലിനിക്കുകളും ആശുപത്രികളും തുടങ്ങി.

ഇന്നു യുഎഇയിൽ നൂതന ചികിൽസാസംവിധാനങ്ങളുള്ള ഹരിതനഗരമാണ് അൽഐൻ. 34 വർഷം അൽഐൻ ഡിസ്ട്രിക്ടിന്റെ മെഡിക്കൽ ഡയറക്ടർ ആയിരുന്നു. അബുദാബി രാജകുടുംബാംഗങ്ങളുടെ ഡോക്ടർ എന്ന നിലയിലേക്കും ഉയർന്നു. സ്തുത്യർഹമായ സേവനം കണക്കിലെടുത്തു 2004ൽ ഷെയ്ഖ് സായിദ് ഇദ്ദേഹത്തിനു യുഎഇ പൗരത്വം നൽകി.

ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഇതും അത്യപൂർവ പുരസ്കാരം. മലേഷ്യയിൽ ജനിച്ച ഡോ. ജോർജ് മാത്യു തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. തുടർന്ന് ഇംഗ്ലണ്ടിൽനിന്നു ബിരുദാനന്തര ബിരുദങ്ങൾ നേടി. അൽഐനിൽ ചുമതല വഹിക്കുമ്പോഴും ഉന്നതപഠനത്തിനായി വിദേശത്തു പോയിട്ടുണ്ട്. തിരുവല്ല കാവുംഭാഗം കാഞ്ഞിരക്കാട്ട് വൽസയാണു ഭാര്യ. മകൾ മെറിയം മാത്യു അൽഐൻ സർക്കാർ വിഭാഗത്തിൽ മീഡിയ സ്പെഷലിസ്റ്റ് ആണ്.

MORE IN GULF
SHOW MORE