മൃതദേഹങ്ങൾ തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി എയർ ഇന്ത്യ അവസാനിപ്പിച്ചു

uae-deadbody-t
SHARE

യുഎഇയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടു പോകുന്ന മൃതദേഹങ്ങൾ തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി എയർ ഇന്ത്യ അവസാനിപ്പിച്ചു. ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലേക്കും യുഎഇയിൽ നിന്ന് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന്  ഒറ്റ നിരക്ക് മാത്രമാകും ഇനി ഈടാക്കുക.

പ്രവാസ ലോകത്ത് നിന്ന് ഉയർന്ന ശക്തമായ ഏതിർപ്പുകൾ കണക്കിലെടുത്താണ് മൃതദേഹങ്ങൾ തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി എയർ ഇന്ത്യ അവസാനിപ്പിക്കുന്നത്. ഇത്തരം രീതി മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നതിന് തുല്യമാണെന്നും വിമർശനമുയർന്നിരുന്നു. ഇതേ തുടർന്നാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഇതനുസരിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മൃതദേഹം കൊണ്ടു പോകുന്നതിന് ദൂരത്തിൻറെയും മറ്റും അടിസ്ഥാനത്തിൽ നിശ്ചിത നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിരക്കു പ്രകാരം രണ്ടായിരം ദിർഹമായിരിക്കും കേരളത്തിലേക്ക് ഒരു മൃതദേഹം കൊണ്ടുപോകുന്നതിന് ഈടാക്കുകയെന്നാണ് സൂചന. എയർ ഇന്ത്യയുടെ കാർഗോ ചുമതലയുള്ള അറേബ്യൻ ട്രാവൽസാണ് നിരക്ക് ഏകീകരിക്കാനുള്ള നടപടി സ്വീകരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിലും ഇനി മുതൽ ഇതേ നിരക്കായിരിക്കും ഈടാക്കുക. ഒരു കിലോയ്ക്ക് പതിനാറ് ദിർഹം എന്ന നിരക്കിലാണ് എയർ ഇന്ത്യ ഇതുവരെ മൃതദേഹങ്ങൾ കൊണ്ടു പോകുന്നതിന് ഈടാക്കിയിരുന്നത്. മൃതദേഹം വഹിക്കുന്ന പെട്ടിയുടെ തൂക്കവും ഇതിൽ പെടുന്നു. ചില എയർലൈനുകൾ കിലോയ്ക്ക് മുപ്പത് ദിർഹം വരെ ഈടാക്കുന്നുണ്ട്.എന്നാൽ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും ദേശീയ വിമാക്കന്പനികൾ തികച്ചും സൌജന്യമായാണ് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകുന്നത്.

MORE IN GULF
SHOW MORE