യുഎഇ കാണാൻ മോഹിച്ചു, പ്രബിനെ തേടിയെത്തിയത് മഹാഭാഗ്യം!

prabin-Family
SHARE

ഭാഗ്യമുണ്ടെങ്കിൽ കോടികൾ കടൽ കടന്നെത്തുമെന്ന് തെളിയിച്ചിരിക്കുകയാണ്  തൃശൂർ കുന്ദംകുളം ചൂണ്ടയിൽ വീട്ടിൽ തോമസ്–കൊച്ചുത്രേസ്യ ദമ്പതികളുടെ മകൻ പ്രബിൻ തോമസ്. കേരളത്തിൽ നിന്ന് ഒാൺലൈൻ വഴിയെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് കൂപ്പണിന് ആറര കോടിയോളം രൂപ സമ്മാനമാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. ദുബായ് കാണണമെന്നുള്ള ഏറെ കാലത്തെ മോഹം ഇൗ വിധം സാധ്യമാകുമെന്ന് പ്രബിൻ ചിന്തിച്ചിരുന്നത് പോലുമില്ല.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഒരു വിദേശ രാജ്യത്തേയ്ക്ക് ഇതുവരെ പോയിട്ടില്ല. യുഎഇ എല്ലാ മലയാളികളുടെയും ഇഷ്ട രാജ്യമാണല്ലോ. അവിടുത്തെ കാഴ്ചകൾ ടെലിവിഷനിലൂടെയും സിനിമയിലൂടെയും കണ്ടിട്ടുണ്ട്. ഒട്ടേറെ മലയാളികളുടെ ജീവിതം സൗഭാഗ്യകരമാക്കിയത് യുഎഇ ആണെന്നറിയാം. ഒരിക്കൽ സന്ദർശിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നു. അതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. അത് ഇത്രയും വലിയ സന്തോഷത്തോടെയായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല–പ്രബിൻ പറഞ്ഞു.  ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതരുടെ അറിയിപ്പ് ലഭിച്ചാൽ  സമ്മാനം കൈപ്പറ്റാൻ  പ്രബിൻ ദുബായിലെത്തും.  

ഗൾഫിലുള്ള സുഹൃത്തുക്കൾ വഴിയും മാധ്യമങ്ങളിലൂടെയും നറുക്കെടുപ്പിനെ കുറിച്ച് മനസിലാക്കി 18,000 രൂപയോളം നൽകി ഒാൺലൈൻ വഴി ആദ്യമായാണ് ടിക്കറ്റ് എടുത്തത്. 265 സീരീസിലെ 0471 എന്ന ടിക്കറ്റാണ് പ്രബിന് ഭാഗ്യം കൊണ്ടുവന്നത്. നാട്ടിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ എടുക്കാറുണ്ടെങ്കിലും വിദേശത്തുനിന്ന് ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ പങ്കെടുത്തത്. ആദ്യ ശ്രമത്തിൽ തന്നെ ഭാഗ്യം പ്രബിനെ തേടി എത്തുകയും ചെയ്തു. നിലവിലുള്ള ബിസിനസ് കൂടുതൽ വിപുലമാക്കുക, ചെറിയൊരു സോഫ്റ്റ്‍വെയർ കമ്പനി തുടങ്ങുക, പിന്നെ ലോകമൊന്നു ചുറ്റിക്കാണുക തുടങ്ങിയവയാണ് ഭാവി പരിപാടികൾ. പാസ്പോർട് നേരത്തെ എടുത്തിട്ടുണ്ട്. 

ഇന്നലെയാണ് ദുബായിൽ നിന്ന് ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഭാഗ്യ വിളിയെത്തിയത്. ആദ്യം വിശ്വസിക്കാനേ തോന്നിയില്ല. ആരോ ഗൾഫിൽ നിന്ന് വിളിച്ച് പറ്റിക്കുന്നതാണോ എന്ന് കരുതി. എന്നാൽ, സമ്മാനം യാഥാർഥ്യമാണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നിയതായി  40കാരൻ മനോരമ ഓൺലൈനോട് പറഞ്ഞു.  കേരളത്തിലും ബെംഗ്ലുരുവിലുമായി ഐടി പരിശീലനം നൽകുന്ന ബിസിനസാണ് പ്രബിൻ ചെയ്യുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് പ്രബിൻ നന്ദിയും പറഞ്ഞു.  ലിസ് മേരിയാണ് ഭാര്യ. ഏകമകൾ: എറോൺ.

MORE IN GULF
SHOW MORE