മലയാളികൾക്ക് ആശ്വാസം: യുഎഇയിൽ സ്വത്തുള്ളവർക്ക് വിൽപ്പത്രം അവിടെ റജിസ്റ്റർ ചെയ്യാം

will
SHARE

യുഎഇയിൽ സ്വത്തുക്കളും ബാങ്ക് നിക്ഷേപവുമുള്ളവർക്ക് അവരുടെ കാലശേഷം കുടുംബാംഗങ്ങൾക്ക് സ്വത്ത് കിട്ടുമെന്ന് ഉറപ്പാക്കാൻ വിൽപ്പത്രം റജിസ്റ്റർ ചെയ്യാൻ അവസരം. അതിൽ ദുബായിലും റാസൽഖൈമയിലുമുള്ള സ്വത്തുകൾ വിഭജിക്കാനുള്ള വിൽപ്പത്രം  ദുബായിലെ ഡിഐഎഫ്സി വിൽസ് സർവീസ് സെന്റർ വഴിയാണ് അവിടെ റജിസ്റ്റർ ചെയ്യാവുന്നത്. കേരളത്തിൽ നിന്നു തന്നെ ഓൺലൈനായി ചെയ്യാനും സൗകര്യമുണ്ട്. വീസ അപേക്ഷകൾ സമർപ്പിക്കുന്ന വിഎഫ്എസ് ഗ്ലോബലുമായി സഹകരിച്ചാണു പ്രവർത്തനം എന്നതിനാൽ തിരിച്ചറിയൽ രേഖകൾ അവിടെ സമർപ്പിക്കാം.

യുഎഇയിൽ ആയിരക്കണക്കിന് ഇന്ത്യാക്കാർ രണ്ടാം തലമുറക്കാരും മൂന്നാം തലമുറക്കാരുമായി ഉണ്ടെന്ന് ഡിഐഎഫ്സി ഡയറക്ടർ ഷോൺ ഹേഡ് ചൂണ്ടിക്കാട്ടി. ഇവർ വിൽപ്പത്രം റജിസ്റ്റർ ചെയ്യാതെ പെട്ടെന്നു മരിച്ചു പോയാൽ സ്വത്തുക്കൾ അവിടുത്തെ ശരീ അത്ത് നിയമപ്രകാരമായിരിക്കും വിഭജിക്കുക. അതനുസരിച്ച് ആൺമക്കൾക്കാണ് കൂടുതൽ സ്വത്തിന്  അവകാശം. ഭാര്യയ്ക്ക് ആറിലൊന്ന് സ്വത്ത് മാത്രം. മൂന്നിലൊന്ന് മരിച്ചയാളിന്റെ മാതാപിതാക്കൾക്കും അവകാശപ്പെട്ടതാണ്. എന്നാൽ മുസ്‌ലിംകൾ അല്ലാത്തവർക്ക് സ്വന്ത ഇഷ്ട പ്രകാരം വിൽപ്പത്രം റജിസ്റ്റർ ചെയ്യാവുന്നതാണ്. മുസ്‌ലിംകളാണെങ്കിൽ അവിടുത്തെ ശരീ അത്ത് നിയമപ്രകാരമേ ഭാഗം വയ്ക്കൽ നടക്കൂ.

ഇന്ത്യയിൽ വിൽപ്പത്രം റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും യുഎഇയിൽ അതിന് അംഗീകാരമില്ലെന്നത് അധികം പേരും അറിയാത്ത കാര്യമാണ്. അവിടെ സ്വന്തം ഫാക്ടറിയോ കടയോ ബിസിനസ് സ്ഥാപനമോ ഉള്ളവരും ബാങ്കിൽ വൻ തുക നിക്ഷേപം ഉള്ളവരും ഫ്ളാറ്റോ കെട്ടിടമോ പോലുള്ള സ്വത്തുക്കൾ ഉള്ളവരും അനേകമുണ്ട്. അവർ അവിടത്തെ നിയമം അറിയാവുന്ന അഭിഭാഷകനെ സമീപിച്ച് വിൽപ്പത്രം എഴുതിക്കുകയാണു വേണ്ടത്. മലയാളികളോ ഇന്ത്യാക്കാരോ ആയ അഭിഭാഷകരും അനേകമുണ്ട്.

അഭിഭാഷകൻ വഴി വിൽപ്പത്രത്തിന്റ കരട്  തയ്യാറാക്കിയ ശേഷം ഡിഐഎഫ്സി കേന്ദ്രത്തിൽ സമർപ്പിക്കണം. സാക്ഷിയും ഉണ്ടായിരിക്കണം. നിശ്ചിത ഫീസ് കൊടുത്ത് ദുബായിലോ റാസൽഖൈമയിലോ ഉള്ള സ്വത്തുക്കളുടെ വിൽപ്പത്രം റജിസ്റ്റർ ചെയ്യാം. എന്നാൽ അബുദാബിയിലുള്ള സ്വത്തിന്റെ വിൽപ്പത്രം റജിസ്റ്റർ ചെയ്യേണ്ടത് അബുദാബി ഗവൺമെന്റിന്റെ തന്നെ റജിസ്ട്രേഷൻ കേന്ദ്രത്തിലാണ്. ദുബായിലേയും റാസൽഖൈമയിലേയും സ്വത്തുക്കൾക്കു മാത്രമാണ് ഡിഐഎഫ്സി വിൽസ് സർവീസ് സെന്ററിന്റെ സേവനം ബാധകം. 15 ലക്ഷം ഇന്ത്യാക്കാരാണ് യുഎഇയിൽ ഉള്ളതായി കണക്കാക്കപ്പെടുന്നത്.

വ്യക്തിഗത വിൽപ്പത്രത്തിന് 1350 ഡോളർ മുതൽ 2700 ഡോളർ വരെയും (87750 രൂപ മുതൽ 1,75,500 രൂപ വരെ) ചെലവുണ്ട്. ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള വിൽപ്പത്രത്തിന് 2000 ഡോളർ മുതൽ 4000 ഡോളർ വരെയും (1,30,000 രൂപ മുതൽ 2,60000 രൂപ വരെ) ഫീസുണ്ട്.

നാട്ടിലുള്ളവർക്ക് ഓൺലൈനായി വിൽപ്പത്രം റജിസ്റ്റർ ചെയ്യാം. പക്ഷേ വിൽപ്പത്രം റജിസ്റ്റർ ചെയ്യുന്ന ആളിന്റെ തിരിച്ചറിയൽ രേഖകൾ വിഎഫ്എസ് ഗ്ളോബൽ സെന്ററിൽ സമർപ്പിച്ച് അവിടെ നിന്നു സർട്ടിഫിക്കറ്റ് നേടണം. 

ഇതുവരെ 3500 ഇന്ത്യാക്കാരുടെ വിൽപ്പത്രങ്ങൾ ദുബായി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഷോൺ ഹേഡ് അറിയിച്ചു. മാസം 120 എണ്ണം റജിസ്റ്റർ ചെയ്യപ്പെടുന്നു. അതിൽ 10% കേരളത്തിൽ നിന്നുള്ളവരുടേതാണ്.യുഎഇയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നതിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യാക്കാർക്ക്. വർഷം 400 കോടി ഡോളർ (27000 കോടി രൂപ) നിക്ഷേപം ഇന്ത്യാക്കാരുടേതായി എത്തുന്നു. അതിൽ വലിയൊരു ഭാഗം മലയാളികളുടേതുമാണ്.

MORE IN GULF
SHOW MORE