ജ്യൂസ് ഉപകരണങ്ങളിൽ മയക്കു മരുന്ന് ഗുളികകൾ; 'മരണ നെറ്റ്‌വർക്ക്' സംഘം പിടിയിൽ

abudhabi-police
SHARE

ജ്യൂസ് വ്യവസായത്തിന്റെ മറവിൽ ഉപകരണങ്ങളിലും സ്‌പെയർ പാർട്‌സുകളിലും ഒളിപ്പിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളക്കടത്തിനായി സൂക്ഷിച്ച 18 ലക്ഷം മയക്കുമരുന്നു ഗുളികകൾ അബുദാബി പൊലീസ് പിടിച്ചെടുത്തു. ഫ്രഷ് ജ്യൂസ് ഉണ്ടാക്കാനുള്ള ഉപകരണങ്ങളുടെ സ്‌പെയർപാർട്ട്‌സുകളിലാണ് മയക്കുമരുന്ന് ഗുളികൾ നിറച്ചനിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആറ് അറബ് വംശജരെ അബുദാബി പൊലീസ് തൊണ്ടി സഹിതം അറസ്റ്റു ചെയ്തു. 

അബുദാബി ഉൾപ്പെടെ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ മയക്കുമരുന്നു ഗുളികൾ വിതരണം ചെയ്തുവരുന്ന 'മരണ നെറ്റ്‌വർക്ക്' സംഘത്തിലെ പ്രധാനികളാണ് പൊലീസ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നു ഗുളികൾ ഏകദേശം 900 ലക്ഷം ദിർഹം വിലമതിക്കുമെന്ന് അബുദാബി പൊലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡ്രഗ് കൺട്രോൾ ഡയറക്ടർ കേണൽ താഹർ ഗരീബ് അൽ ദാഹിരി അറിയിച്ചു. 

അബുദാബി പൊലീസിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വൻ തോതിൽ മയക്കുമരുന്നു വിതരണം നടത്തുന്ന 'മരണ നെറ്റ്‌വർക്ക്' സംബന്ധിച്ച് പൊലീസ് അറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ രഹസ്യ നീക്കത്തെ തുടർന്ന് വളരെ ആസൂത്രിതമായി മയക്കുമരുന്നു ഗുളികകൾ കള്ളക്കടത്തിനായി സൂക്ഷിച്ചിരുന്ന ജൂസ് ഉപകരണങ്ങളും സ്‌പെയർപാർട്‌സുകളും പിടിച്ചെടുക്കുകയും പ്രതികളെ വലയിലാക്കുകയുമായിരുന്നു. 

 രാജ്യത്തിന്റെ മുക്കിലും മൂലയിലും മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി ആഭ്യന്തര മന്ത്രാലയവും വിവിധ എമിറേറ്റുകളിലെ പൊലീസും നടപ്പിലാക്കി വരികയാണ്. സുരക്ഷക്കു ഭീഷണിയാവുന്ന പ്രവർത്തനങ്ങൾക്കെതിരെ പൊതുജനങ്ങൾ പൊലീസിൽ അടിയന്തിരമായി വിവരം നൽകണം. മയക്കുമരുന്ന് ഇടപാടുകൾക്കെതിരെ ജാഗ്രത പാലിക്കാനും വിവരങ്ങൾ കൈമാറാനും പൊതുജനങ്ങൽ തയ്യാറാവണം. വിവരം ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.    

MORE IN GULF
SHOW MORE