വ്യാപാര-നിക്ഷേപാവസരങ്ങളിൽ മുന്നേറാനുറച്ച് ഇന്ത്യയും സൗദിയും

india-saudi-investment
SHARE

ജിദ്ദ: ഇന്ത്യ വിശിഷ്ട അതിഥി രാഷ്ട്രമായ ജനാദ്രിയ ഉത്സവത്തോടനുബന്ധിച്ച് നടന്ന  'ഇന്ത്യ- സൗദി  സാമ്പത്തിക സഹകരണവും നിക്ഷേപ അവസരങ്ങളും' എന്ന സെമിനാർ  ഉഭയകക്ഷി  സഹകരണം വർധിപ്പിക്കാനുള്ള  ഇരു  രാജ്യങ്ങളുടെയും   ദൃഢനിശ്ചയവും  മാർഗരേഖകളും  അനാവരണം  ചെയ്തു. ഇരു രാജ്യങ്ങളുടെയും  സർവ്വതോമുഖമായ   വളർച്ചയായിരിക്കും   ഇതിലൂടെ കരഗതമാവുകയെന്ന്  സെമിനാറിൽ  സംസാരിച്ചവർ  ചൂണ്ടിക്കാട്ടി.

ഇന്ത്യൻ  സ്ഥാനപതി  അഹമ്മദ്  ജാവേദ്   ആമുഖ  പ്രഭാഷണം  നിർവഹിച്ചു. കൺസ്ട്രക്ഷൻ,  കൺസൾട്ടൻസി,    ടെക്‌നോളജി,  ടെലികമ്മ്യൂണിക്കേഷൻ  തുടങ്ങിയ  രംഗങ്ങളിൽ   പൂർണമായ   ഉടമസ്ഥതയിൽ   നിരവധി  ഇന്ത്യൻ  കമ്പനികളാണ്   സൗദിയിൽ  ഇതിനകം    പ്രവർത്തിക്കുന്നതെന്ന്    അംബാസഡർ    ചൂണ്ടിക്കാട്ടി.     മികച്ച   കര,  വ്യോമ,  നാവിക  ഗതാഗതം,    മാനവ ശേഷി,  സുലഭമായ    സാങ്കേതിക  വിദ്യകൾ,   ബാങ്കിങ്   നെറ്റ് വർക്ക്,  ഉപഭോക്‌തൃ   ചക്രവാളം  തുടങ്ങിയവ   ഇരു  രാജ്യങ്ങൾക്കുമിടയിൽ   ഉണ്ടെങ്കിലും  ഉഭയകക്ഷി  വ്യാപാരത്തിനും  പങ്കാളിത്ത  നിക്ഷേപങ്ങൾക്കും   വേണ്ടി   അവ   ഇനിയും  വേണ്ടവിധം   ചൂഷണം  ചെയ്യേണ്ടിയിരിക്കുന്നുവെന്ന   പൊതു നിരീക്ഷണമാണ്   സെമിനാർ  മുന്നോട്ടു  വെച്ചത്.    ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചാംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി മുൻ സെക്രട്ടറി ജനറൽ ആൽവിൻ ദീദാർ സിങ്   സെമിനാറിൽ  പ്രസംഗിച്ചു.

സാമ്പത്തിക  വൈവിധ്യവത്കരണം  ലക്ഷ്യമാക്കി   സൗദി  ആവിഷ്കരിച്ച   "വിഷൻ  2030 "  പ്രകാരം   നിക്ഷേപ,  വ്യാപാര   സാധ്യതകളാണ്  സൗദിയിൽ  ഉണ്ടായിട്ടുള്ളത്.    എന്നാൽ,  ഇത്   ഇന്ത്യ -  സൗദി  സംരംഭങ്ങൾക്ക്    എത്രത്തോളം  ഉപയോഗപ്പെടുത്താൻ     കഴിഞ്ഞിട്ടുണ്ടെന്ന്    വിലയിരുത്തണമെന്ന്   സെമിനാറിൽ    അഭിപ്രായം   ഉയർന്നു.  സൗദിയിൽ  പ്രഖ്യാപനം   നടന്നു  കഴിഞ്ഞ    അത്യാധുനിക   "നിയോം"  നഗര പത്വാദി   ഒരു  ഉദാഹരണമായി  പ്രസംഗകർ  ചൂണ്ടിക്കാട്ടി.    സൗദിയുടെ   കൂടുതൽ  നിക്ഷേപത്തിനും  വ്യാപാര പങ്കാളിത്തത്തിനും   വേണ്ടി  ഇന്ത്യയിലെയും  സൗദിയിലെയും  വ്യാപാര  വ്യവസായ  മേഖലയിലെ   കൂട്ടായ്മകൾ   മുന്നിട്ടിറങ്ങണമെന്നും    അഭിപ്രായം  ഉയർന്നു.   ഇരു  രാജ്യങ്ങളിലെയും   ചേംബർ  ഓഫ്  ഇൻഡസ്ട്രികളും   സൗദിയിൽ  പ്രവർത്തിക്കുന്ന   സിബിൻ  (സൗദി - ഇന്ത്യൻ  ബിസിനെസ്സ്  നെറ്റ് വർക്ക്)  പോലുള്ള  വേദികളും   ഇതിനായി  ശുഷ്കാന്തിയോടെ  രംഗത്തു  വരണമെന്നും   നിർദേശമുണ്ടായി.

മികച്ച   നിക്ഷേപ,  വ്യാപാര   സാഹചര്യങ്ങളും  സൗകര്യങ്ങളുമാണ്  ഇന്ത്യയിലുള്ളതെന്ന്    ഇന്ത്യയെ  പ്രതിനിധീകരിച്ച്  സംസാരിച്ചവർ  ചൂണ്ടിക്കാട്ടി.     മൂലധന  നിക്ഷേപത്തിനാണ്    ബന്ധപ്പെട്ടവർ   കൂടുതലായി    അവസരം   ഒരുക്കേണ്ടത്.   ഇരു  രാജ്യങ്ങൾക്കുമിടയിൽ   വ്യാപാര   സന്ദർശനങ്ങളും   പ്രദർശനങ്ങളും   നിരവധി  നടക്കുന്നതായും   എന്നാൽ   അവയുടെ  ലക്ഷ്യസാക്ഷാത്കരണത്തിനായി    തുടർച്ചയായ   നടപടികൾ   കൂടുതലായി  ഉണ്ടാകണമെന്നും    സെമിനാർ   താല്പര്യപ്പെട്ടു.

ഇന്ത്യ- സൗദി ബിസിനസ് കൗൺസിൽ അംഗം ഇർഫാൻ അബ്ദുറസാഖ്,    അബ്ദുല്ല ഹമദ് അൽസലാമ,  ഡോ. അബ്ദുല്ല ഇബ്രാഹീം അൽഖുവൈസ്, എഞ്ചിനീയർ ഉമർ അഹമ്മദ്  തുടങ്ങിയവരും   പ്രസംഗിച്ചു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.