ദുബായില്‍ എക്സ്പ്രസ് മെട്രോ സേവനം ആറ് സ്റ്റേഷനുകളിൽകൂടി ഏര്‍പ്പെടുത്തി. നവംബര്‍ മുതൽ ദുബായ് മെട്രോ സമയത്തിലും മാറ്റം വരും.
റെഡ് ലൈൻ മെട്രോ സർവീസുകൾ പുലർച്ചെ അഞ്ചിന് ആരംഭിക്കും. നേരത്തെ ഇത് അഞ്ചരയ്ക്കായായിരുന്നു. ഗ്രീൻ ലൈൻ സർവീസുകൾ പുലർച്ചെ 5.50ന് പകരം 5.30ന് തുടങ്ങും. ദുബായ് ട്രാം രാവിലെ ആറിനാണ് ആരംഭിക്കുക. പുതിയ സമയക്രമ പ്രകാരം റെഡ്, ഗ്രീൻ ലൈനുകൾ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ അർധരാത്രി 12 വരെ സർവീസ് നടത്തും. ട്രാം പുലർച്ചെ ഒന്നു വരെയും. വ്യാഴാഴ്ചകളിൽ രണ്ട് ലൈനുകളും പുലർച്ചെ ഒന്നു വരെയും വെള്ളിയാഴ്ചകളിൽ രാവിലെ പത്തു മുതൽ പുലർച്ചെ ഒന്നു വരെയും പ്രവർത്തിക്കും.
റാഷിദിയ്യ, റിഗ്ഗ, എമിറേറ്റ്സ് ടവേഴ്സ്, ഫസ്റ്റ് ഗൾഫ് ബാങ്ക്, ജുമൈറ ലേയ്ക്സ് ടവേഴ്സ്, യുഎഇ എക്സ്ചേഞ്ച് എന്നീ സ്റ്റേഷനുകളിലേയ്ക്കാണ് എക്സ്പ്രസ് മെട്രോ സേവനം വ്യാപിപ്പിച്ചത്. റെഡ് ലൈൻ മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ഇവിടങ്ങളിൽനിന്ന് പുലർച്ചെ അഞ്ചിന് ട്രെയിൻ പുറപ്പെടും. ഏറ്റവും അധികം യാത്രക്കാരെത്തുന്ന സ്റ്റേഷനുകളാണിത്. തിരക്ക് ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം.