അബുദാബി പൊലീസിലെ ഹെലികോപ്റ്റര്‍ ഉള്‍പെടെയുള്ള രക്ഷാദൌത്യ വാഹനങ്ങളും പുതിയ നിറങ്ങളിലേക്ക്. പൊലീസിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ചാണ് പൊലീസ് വാഹനങ്ങളുടെ നിറങ്ങളിലും ലോഗോയിലും കാലോചിതമായ മാറ്റം വരുത്തിയത്.
ഹെലികോപ്റ്ററുകളും ആംബുലന്‍സും മറ്റു സുരക്ഷാ വാഹനങ്ങളുമാണ് ഏറ്റവും ഒടുവില്‍ നീലയും വെള്ളയും നിറമണിഞ്ഞത്. അബുദാബി പോലീസ് ഹെലികോപ്റ്റർ വിഭാഗം ജനറൽ കമാൻഡർ മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി പുതിയ നിറങ്ങളിലെത്തിയ വാഹനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടനുബന്ധിച്ച് വാഹന, ഹെലികോപ്റ്റര്‍ പരേഡുമുണ്ടായിരുന്നു
നേരത്തെ പട്രോളിങ് വാഹനങ്ങളെല്ലാം പുതിയ നിറങ്ങള്‍ സ്വീകരിച്ചിരുന്നു. ഇതോടെ പോലീസിന് കീഴിലുള്ള മുഴുവന്‍ വാഹനങ്ങളും പുതിയ നിറങ്ങളിലേക്ക് മാറിക്കഴിഞ്ഞു. ത്രീഡി തെര്‍മല്‍ ക്യാമറകള്‍ അടങ്ങിയ ഹെലികോപ്പ്റ്ററും നൂതന സാങ്കേതിക വിദ്യകൾ അടങ്ങിയ കാറുകളും നവോന്മേഷത്തോടെ സുരക്ഷാദൌത്യത്തിലേക്ക് നീങ്ങുകയാണ്.