ഷാര്‍ജയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് പ്രഖ്യാപിച്ചു. പിഴയില്‍ 50 ശതമാനവും ബ്ലാക്ക് പോയിന്റില്‍ 100 ശതമാനവും ഇളവാണ് നല്‍കിയിരിക്കുന്നത്. തീരുമാനം നാളെ (വ്യാഴം) മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്ന് വരെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകളിലാണ് ഇളവ് ലഭിക്കുക. ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയ്ഫ് സെരി അല്‍ ഷംസി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പിഴയില്‍ 50 ശതമാനം ഇളവ് ലഭിക്കുന്നതിനൊപ്പം ബുധനാഴ്ച വരെയുള്ള മുഴുവന്‍ ബ്ലാക് പോയിന്റുകളും നീക്കം ചെയ്യും. വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 31നകം പിഴ അടയ്ക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം.
ഷാര്‍ജ പൊലീസിന്റെ അമ്പതാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. വെബ്സൈറ്റ് വഴിയോ എമിറേറ്റിലെ ആഭ്യന്തര മന്ത്രാലയത്തിലോ പൊലീസ് സ്റ്റേഷനുകളിലോ പിഴ അടയ്ക്കാന്‍ സൌകര്യമുണ്ട്. ഇക്കഴിഞ്ഞ ജുലൈയില്‍ ദുബായിലും സമാനമായ ഇളവ് നല്‍കിയിരുന്നു. നന്മയുടെ വര്‍ഷാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. എന്നാല്‍ ഈ വര്‍ഷത്തെ നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഉള്‍പെടുത്തിയിരുന്നില്ല.