അംഗരാജ്യങ്ങള്‍ പ്രതിജ്ഞ പാലിച്ചാല്‍ എണ്ണ ഉല്പാദന നിയന്ത്രണം നിശ്ചിത കാലത്തിനുശേഷം തുടരേണ്ടി വരില്ലെന്ന് കുവൈത്ത് എണ്ണമന്ത്രി ഇസാം അല്‍ മര്‍സൂഖ്. വില നിലവാരം പിടിച്ചു നിര്‍ത്തുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ ഉല്പാദന തോത് കുറക്കാന്‍ തീരുമാനിച്ചത്.
ആറു മാസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണ കാലാവധി പിന്നീട് ഒന്‍പത് മാസത്തേക്ക് നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് വരെ നിയന്ത്രണം തുടരാനാണ് തീരുമാനം. ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ പിന്നീടങ്ങോട്ട് നിയന്ത്രണം ആവശ്യമായി വരില്ലെന്നാണ് കണക്കാക്കുന്നത്. എല്ലാ രാജ്യങ്ങളും ചേര്‍ന്ന് ഉത്പാദനത്തില്‍ പ്രതിദിനം 18 ലക്ഷം ബാരല്‍ കുറവ് വരുത്തി. ചില രാജ്യങ്ങള്‍ വാഗ്ദത്തം ചെയ്തതിനെക്കാള്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വില നിയന്ത്രണം കാര്യക്ഷമമാക്കുന്നതിന് അംഗരാജ്യങ്ങളുടെ പ്രതിബദ്ധതയാണ് അത് തെളിയിക്കുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ വില നിലവാരം മെച്ചപ്പെടും. ഉത്പാദന നിയന്ത്രണത്തിന്റെ ഫലമായാണ് എണ്ണവില 55 ഡോളര്‍ വരെ ആയതെന്നും എണ്ണമന്ത്രി ഇസാം അല്‍ മര്‍സൂഖ് പറഞ്ഞു.