ദുബായില്‍ ബസ് ഗതാഗതവും വിളിച്ചാല്‍ വിളിപ്പുറത്ത്. ആവശ്യക്കാരന്റെ അടുത്തെത്തുന്ന ബസ് സേവനത്തിന് മാത്രമായി ആര്‍ടിഎ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പുറത്തിറക്കി. എംവിമാന്റ് എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ മേഖലയില്‍തന്നെ ആദ്യത്തെതാണ്.
ബസ് സേവനം ആവശ്യപ്പെടുന്നവരുടെ അടുത്തെത്തി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ് പുതിയ പദ്ധതി. മേഖലയിലെ ഏറ്റവും വലിയ വിവരസാങ്കേതികവിദ്യാ പ്രദര്‍ശനമായ ജൈടെക്സ് ടെക്നോളജി വീക്കിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ദുബായിയെ സ്മാര്‍ട്ട് നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണിതെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സിഇഒ അബ്ദുള്ള യൂസഫ് അല്‍ അലി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസാവസാനം തുടങ്ങുന്ന സര്‍വീസിനായി ആറു ബസുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്. അല്‍ബര്‍ഷ, അല്‍വര്‍ഖ സ്റ്റേഷനിലുള്ള ബസ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ആവശ്യപ്പെടുന്നവരുടെ അരികിലെത്തും. യാത്രക്കാരനുമായുള്ള ഡ്രൈവറുടെ ആശയവിനിമയവും ആപ്ലിക്കേഷന്‍ വഴിയായിരിക്കും. പുതിയ സേവനത്തെക്കുറിച്ച് ജനങ്ങളുടെ കാഴ്ചപ്പാട് അറിയുന്നതിനായി മെട്രോ യാത്രക്കാരില്‍ സര്‍വെ നടത്തുമെന്നും ആര്‍ടിഎ അറിയിച്ചു.