മലയാള മനോരമ ദുബായില്‍ ഒരുക്കിയ വിദ്യാരംഭ വേദി അക്ഷര ശ്രീകോവിലായി. അല്‍ഖൂസ് ക്രെഡന്‍സ് ഹൈസ്കൂളില്‍ നടന്ന വിദ്യാരംഭത്തില്‍ 252 കുരുന്നുകള്‍ വിദ്യാദേവതയുടെ വരപ്രസാദം തൊട്ടറിഞ്ഞു. മലയാളത്തിന്റെ സുപ്രഭാതത്തില്‍ അറിവിന്റെ ആഘോഷത്തിന് മറുനാട്ടില്‍ തിരിതെളിഞ്ഞപ്പോള്‍ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകളുടെ പ്രവാഹം.
പ്രശസ്ത ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന്, സാഹിത്യകാരനും മലയാള മനോരമ സീനിയര്‍ അസോഷ്യേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം, സാഹിത്യകാരനും റേഡിയോ മാംഗോ കണ്ടന്റ് ഹെഡുമായ എസ്.ഗോപാലകൃഷ്ണന് എന്നിവര്‍ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചു. കരഞ്ഞും പരിഭവിച്ചും പൊട്ടിച്ചിരിച്ചും ഉമ്മകൊടുത്തും കുസൃതിക്കുരുന്നുകള്‍ അക്ഷരങ്ങളെ തൊട്ടറിഞ്ഞു. മലയാളികള്‍ക്ക് പുറമെ മറ്റു സംസ്ഥാനക്കാരും വിദ്യാരംഭത്തിന് എത്തിയിരുന്നു. യുഎഇയില്‍ മൂന്നാം വര്‍ഷമാണ് മലയാള മനോരമ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചത്.