മസ്കത്ത്: മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനം പ്രവര്‍ത്തന രംഗത്ത് നാല്പ്പതാണ്ടുകള് പിന്നിടുന്നു. ആരാധന, പഠനം, സേവനം എന്നീ ആപ്തവാക്യം മുഖമുദ്രയാക്കി 1977 സെപ്തംബര്‍ 30ന് ആരംഭിച്ച യുവജനപ്രസ്ഥാനം ദൈവീക ആരാധനയിലും ആത്മീയ മാര്‍ഗ്ഗത്തിലും യുവാക്കളെ വഴിനടത്തുന്നതിനും സേവനോന്മുഖമായ പാതയില്‍ സഞ്ചരിക്കുന്നതിനും ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ കൈത്താങ്ങ് നല്‍കുകയും ചെയ്യുന്നു. ഇന്ന് ഇരുനൂറിലധികം സജീവ അംഗങ്ങളുള്ള ഇടവകയിലെ ഏറ്റവും സജീവമായ ആത്മീയ സംഘടനകളിലൊന്നാണ് യുവജന പ്രസ്ഥാനം.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം റൂവി സെന്റ്. തോമസ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബ്ബാനാനന്തരം നടന്ന ചടങ്ങുകളില്‍ ഇടവക വികാരി ഫാ. ജേക്കബ് മാത്യു നിര്‍വ്വഹിച്ചു. ഫാ. മോഹന്‍ ജോസഫ്, ഫാ. ജോജി കെ. ജോയ്, യുവജന പ്രസ്ഥാനം ഭാരവാഹികള്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം സെപ്തംബര്‍ 29ന് സഭയുടെ കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ അഭി. ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. ചടങ്ങില്‍ യുവജന പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗവും ഭരണ സമിതി അംഗവും ഇപ്പോള്‍ സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ ഗീവര്‍ഗീസ് യോഹന്നാനെ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമത്തില്‍ അഭി. ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും. നാല്പതാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിവിധ കര്‍മ്മ പരിപാടികളും പദ്ധതികളുമാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്.