ബഹ്റൈനില്‍ തൊഴിലാളികള്‍ സ്വയം സ്പോണ്‍സറാകുന്ന ഫ്ളക്സി വര്‍ക്ക് പെര്‍മിറ്റിനുള്ള നിയമങ്ങളില്‍ ഇളവ് വരുത്തി. പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്കും ഫ്ളക്സി പെര്‍മിറ്റ് നല്‍കാനാണ് പുതിയ തീരുമാനമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
നിയമലംഘകരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് താമസവും തൊഴിലും നിയമവിധേയമാക്കാവുന്ന ഫ്ളക്സി പെര്‍മിറ്റ് ജൂലൈ 23നാണ് നിലവില്‍ വന്നത്. തൊഴിലാളികള്‍ക്ക് ഇഷ്ടാനുസരണം വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി നല്കുന്ന സംവിധാനമാണിത്. കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ട് വേണമെന്നായിരുന്നു നിലവിലെ നിബന്ധന. ഇതുമൂലം പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താനായില്ല. ഇത്തരക്കാരുടെ താമസവും ജോലിയും നിയമവിധേയമാക്കാന്‍ പുതിയ ഇളവ് കൊണ്ട് സാധിക്കുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തല്‍. ഇവരുടെ വിവരങ്ങള്‍ അതോറിറ്റി പ്രത്യേകമായി സൂക്ഷിക്കും. ഇതേസമയം ഫ്ളക്സി പെര്‍മിറ്റ് വച്ച് യാത്ര ചെയ്യാനാകില്ലെന്നും അതിന് പാസ്പോര്‍ട്ടോ ഔട്ട്പാസോ തരപ്പെടുത്തേണ്ടിവരുമെന്നും വ്യക്തമാക്കി. നിലവില്‍ ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലദേശ് രാജ്യക്കാരാണ് ഈ സേവനം കൂടുതലായി പ്രയോജനപ്പെടുത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി.