മണ്ണിന്റെ മണമുള്ള കലാരൂപങ്ങളുമായി അബുദാബിയിൽ നാടൻ കലയുടെ ആഘോഷം. കണ്ണൂർ താവം ഗ്രാമവേദി കലാകാരന്മാർ ആണ് തലസ്ഥാന നഗരിക്ക് നവ്യാനുഭവം സമ്മാനിച്ചത്.
കേരളത്തിലെ ചില പ്രത്യേക ജനവിഭാഗങ്ങളില്‍ മാത്രം കണ്ടുവരുന്ന തനത് കലകളെ രാജ്യാന്തര വേദിയിലെത്തിച്ച് താവം ഗ്രാമവേദി സദസിനെ കയ്യിലെടുത്തു. നാടൻ പാട്ടുകളും മാപ്പിളഗാനങ്ങളും അകമ്പടിയായി. കാളി-ദാരിക യുദ്ധം ആവിഷ്ക്കരിച്ച ദൃശ്യ വിരുന്നും തെയ്യത്തിന്റെ പ്രതീകാത്മക അവതരണവുമുണ്ടായിരുന്നു.
ഫോക്ലോർ അക്കാദമി മുൻ സെക്രട്ടറി എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ദൃശ്യവിരുന്നൊരുക്കിയത്. രണ്ടര മണിക്കൂർ നീണ്ട പരിപാടി ആസ്വദിക്കാൻ നൂറുകണക്കിന് ആളുകള്‍ അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ എത്തിയിരുന്നു.