ഫുജൈറ /റാസൽഖൈമ/ അജ്മാൻ; കനത്ത ചൂടിന് ഇടവേള നൽകി വടക്കൻ എമിറേറ്റുകളിലും അജ്മാനിലും ശക്തമായ മഴ പെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഫുജൈറ, റാസൽഖൈമ, അജ്മാൻ എന്നിവിടങ്ങളിൽ തുള്ളിമറിയാത്ത വിധം മഴ ലഭിച്ചത്. മണിക്കൂറുകൾക്ക് ശേഷമാണ് മഴ തോർന്നത്. കദ്റ, ദഫ്ത, മർബാദ്, ഷൗഖ എന്നിവിടങ്ങളിലും മഴ ലഭിച്ചു.
മിക്കയിടത്തും റോഡുകളിലും റൗണ്ട് എബൗട്ടുകളിലും മഴ വെള്ളം നിറഞ്ഞു. ഗതാഗതം മന്ദഗതിയിലായി. ഫുജൈറയിൽ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചതായും റിപ്പോർട്ടുണ്ട്. ഫുജൈറ മസാഫിയിൽ വാഹനങ്ങൾ റോഡരികിൽ നിർത്തി ആളുകൾ മഴ ആസ്വദിക്കുന്നത് കാണാമായിരുന്നു.
ഇന്ന് മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രണ്ട് ദിവസം മുന്പ് പ്രവചിച്ചിരുന്നു. മിക്കയിടത്തും വൈകിട്ടും അന്തരീക്ഷം മേഘാവൃതമാണ്. കൂടുതൽ മഴയ്ക്കുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല.