ബലി പെരുന്നാള്‍ ആഘോഷത്തിനിടെ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. തിരൂര്‍ സ്വദേശി യൂസുഫാണ് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത്. മസ്കത്തില് നിന്ന് 250 കിലോമീറ്റര്‍ അകലെ ഖുറിയാത്തിനോട് ചേര്‍ന്നുള്ള വാദി അര്‍ബഈനില്‍ ശനിയാഴ്ചയാണ് യുവാവ് വെള്ളക്കെട്ടില്‍ വീണത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും യൂസുഫിന് ജീവന് നഷ്ടമായിരുന്നു. സഹമില്‍ കഫ്തീരിയയിലെ തൊഴിലാളിയായിരുന്നു. ഖുറിയാത്തിലെ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ആഴമേറിയ വെള്ളക്കെട്ടാണ് വാദി അര്ബഈനിലേത്. മലയാളികള്‍ അടക്കം നിരവധി പേരാണ് ഇവിടെ സ്ഥിരമായി കുളിക്കാനെത്തുന്നത്. കഴിഞ്ഞ മാസം സലാലയിലെ വാദിയില്‍ വീണ മൂന്ന് സ്വദേശികളെയാണ് രക്ഷപ്പെടുത്തിയചത്. ഒമ്പത് വയസുകാരന് അടക്കം മൂന്ന് സഹോദരങ്ങളാണ് അപകടത്തില്‍ പെട്ടത്. പെരുന്നാള്‍ ആഘോഷത്തിന് അരുവികളിലും വെള്ളക്കെട്ടിലും എത്തുന്നവര്‍ സൂക്ഷിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു.