രാത്രിയില്‍ മാത്രം പുഷ്പിക്കുന്ന നിശാഗന്ധി അബുദാബിയിലെ പ്രവാസി മലയാളിയും കൊടുങ്ങല്ലൂര്‍ സ്വദേശിയുമായ പി. കെ.മുഹമ്മദ് അഷ്റഫിന്റെ ഫ്ളാറ്റില്‍ വിരിഞ്ഞു. എപ്പിഫൈലം ഓക്സിപ്പെറ്റാലം എന്ന ശാസ്ത്ര നാമമുള്ള നിശാഗന്ധി പെരുനാളിന് വിരിഞ്ഞതിന്റെ ഇരട്ടിമധുരത്തിലാണ് അഷ്റഫും ഭാര്യ ഫൗസിയയും.
കേരളത്തിലെ കാലാവസ്ഥയില്‍ വളരുന്ന ഈ ചെടിയുടെ ഇല ലഗേജിലാണ് നാട്ടില്‍ നിന്നും ഫൗസിയ ഖാലിദിയയിലെ ഫ്ളാറ്റില്‍ എത്തിച്ചത്. കേരളത്തിലെ ഹൈന്ദവ ഭവനങ്ങളില്‍ മഹാവിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി വളര്‍ത്തുന്ന ഈ ചെടി അബുദാബിയിലും പരീക്ഷിക്കാനുള്ള ആവേശത്തോടെയാണ് ഫൗസിയ കൊണ്ടു വന്നത്. പച്ചനിറത്തിലുള്ള ഇലയില്‍ നിന്നുള്ള കാണ്ഡം പരന്ന് പൂവിരിയാന്‍ പ്രത്യേക ഇന്റീരിയര്‍ ലൈറ്റിട്ടാണ് പ്രകാശസംശ്ലേഷണം നടക്കാനുള്ള സൗകര്യം ഒരുക്കിയത്. കൊടും ചൂടുകാലത്തും സെന്‍ട്രല്‍ എയര്‍ കണ്ടീഷന്‍ ഫ്ളാറ്റിലെ സ്വീകരണ മുറിയിലാണ് ഇന്റോര്‍ പ്ളാന്റുകള്ക്കൊപ്പം നിശാഗന്ധിച്ചെടിയേയും പരിപാലിച്ചത്.
നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തിയപ്പോഴാണ് ചെടിയില്‍ പൂമൊട്ടുകള്‍ വിരിയാന്‍ പാകമായി നില്‍ക്കുന്നത് ശ്രദ്ധയില്‍ കണ്ടത്. പെരുന്നാള്‍ രാത്രിയോടെ പൂ വിടര്‍ന്നു. അര്‍ധ രാത്രിയോടെയാണ് പൂര്‍ണ്ണമായും നിശാഗന്ധി വിടര്‍ന്നത്. വെള്ളനിറമുള്ള പൂവ് വിടര്‍ന്നെങ്കിലും നാട്ടിലെപ്പോലെ കാര്യമായ സുഗന്ധം ഉണ്ടായില്ലെന്നുമാത്രം.