ദുബായ് : ഇത് 'ഇമോജി'യുടെ കാലം. 'ഇമോജി' നായകനായി ഹോളിവുഡിൽ സിനിമ പോലും വന്നുകഴിഞ്ഞു. ദുബായിലിതാ, തിരക്കേറിയ പാതകളിലും ഭീമൻ ഇമോജിമാരുടെ സേവനം.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് വാഹനമോടിക്കുന്നവർക്ക് പുഞ്ചിരി സമ്മാനിച്ചുകൊണ്ട് 'സ്മൈലി ഇമോജി' സ്ഥാനം പിടിച്ചത്. ഒന്നല്ല, ഒത്തിരി ഇമോജിമാർ. ഇതോടൊപ്പം, അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ഡ്രൈവ് സേഫ് ലി എന്നെഴുതിയിട്ടുമുണ്ട്. വാഹന സഞ്ചാരം സുരക്ഷിതമാക്കുകയാണ് ഇതുകൊണ്ട് അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം അധികൃതർ ഉദ്ദേശിക്കുന്നത്.
വൈകാതെ, മറ്റു റോഡുകളിലും സ്മൈലിക്കുട്ടൻ എത്തും. റോഡുപയോഗിക്കുന്നവർക്ക് സന്തോഷം പകരുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡയറക്ടർ അഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. കൂടാതെ, എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ 80088889 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.