യുഎഇയിലെ വളര്‍ന്നു വരുന്ന ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനുള്ള റേഡിയോ മാംഗോയുടെ 'മാംഗോ ലിറ്റില്‍ മാസ്റ്റേഴ്സില്‍" ശാശ്വിക് ദിവാകര്‍ ഷെട്ടി ഏറ്റവും മികച്ച ഫാസ്റ്റ് ബോളര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ഒരാഴ്ചത്തെ പരിശീലനത്തിനുള്ള അവസരമാണു ശാശ്വികിനു ലഭിക്കുക.
ദുബായ് ഊദ് മേത്തയിലെ അല്‍ നാസര്‍ ക്ലബ്ബില്‍ നടന്ന വാശിയേറിയ ട്രയല്‍സിലാണ് മംഗലാപുരം സ്വദേശിയും ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയുമായ ശാശ്വിക് കിരീടം നേടിയത്. 13നും 17നും ഇടയില്‍ പ്രായമുള്ളവരാണ് സിലക്ഷനില്‍ പങ്കെടുത്തത്. കേരള രഞ്ജിട്രോഫി താരങ്ങളായിരുന്ന സി.ടി.കെ. ഉസ്മാന്‍കുട്ടി, പി.ജി. സുന്ദര്‍, ഗോവന്‍ താരമായിരുന്ന അംബേ പര്വാര്കര്, യുഎഇക്കു വേണ്ടി പന്തെറിഞ്ഞ മലയാളിതാരം കെ.കൃഷ്ണചന്ദ്രന് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വിജയികള്‍ ഉള്‍പ്പെടുന്ന കേരള എക്സ്പ്രസ് ടീമിലായിരിക്കും യുഇയില്‍ നിന്നുള്ള ഫാസ്റ്റ് ബോളര്‍ ഉള്‍പ്പെടുക.
എറണാകുളം സ്വദേശിയും അല്‍ വര്‍ഖ അവര്‍ ഓണ്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയുമായ മാണി മാത്യൂസ് രണ്ടാം സ്ഥാനം നേടി. മംഗലാപുരം സ്വദേശിയും ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയുമായ എല്‍റെഡ് റെഗോയ്ക്കാണ് മൂന്നാം സ്ഥാനം. ഇവര്‍ക്ക് യുഎഇയിലെ മികച്ച ക്രിക്കറ്റ് അക്കാദമിയായ ക്രിക്കറ്റ് സ്പെയ്റോയില് ഒരു മാസത്തെ സൗജന്യ പരിശീലനത്തിന് അവസരം ലഭിക്കും. ഡാന്യൂബ് ബില്‍ഡിംഗ് മെറ്റീരിയല്‍സ്, മസാല ബേ റസ്റ്ററന്റ് എന്നിവരുടെ സഹകരണത്തോടെയാണ് മാംഗോ ലിറ്റില്‍ മാസ്റ്റേഴ്സ് സംഘടിപ്പിച്ചത്.