ഹജ് തീര്‍ഥാടനത്തെ ചൊല്ലി സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. ദോഹയില്‍ നിന്ന് ഹജ് സര്‍വീസ് നടത്താന്‍ സൗദി എയര്ലൈസന്സിന് ഖത്തര്‍ അനുമതി നിഷേധിച്ചതായി സൗദി ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിച്ചു.
ഖത്തറില്‍ നിന്നുള്ള ഹജ് തീര്‍ഥാടകരെ രാജാവിന്റെ അതിഥികളായി പരിഗണിച്ച് സൗജന്യമായി ഹജ് ചെയ്യാന്‍ അവസരം നല്‍കുമെന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹജ് സര്‍വീസ് നടത്തുന്നതിനുള്ള സൗദി എയര്‍ലൈസന്‍സിന്റെ വിമാനങ്ങള്‍ക്ക് ദോഹയില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയില്ലെന്നാണ് സൗദിയുടെ ആരോപണം. ഈ ആരോപണങ്ങള്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിഷേധിച്ചു. സര്‍വീസ് നടത്താന്‍ അനുമതി തേടിക്കൊണ്ടുള്ള സൗദി എയര്‍ ലൈന്‍സിന്റെ അപേക്ഷ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഹജ് പ്രതിനിധി സംഘം മുഖേന ഇസ്്ലാമിക കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനാണ് QCAA നിര്‍ദേശിച്ചതെന്ന് ഖത്തര്‍ ഭരണനേതൃത്വം വ്യക്തമാക്കി. ഖത്തര്‍ രാജകുടുംബാംഗമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ അലി സൗദി ഭരണനേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കായി സൗദി അതിര്‍ത്തികള്‍ തുറന്നതും വിമാന സര്‍വീസ് പ്രഖ്യാപിച്ചതും. ഖത്തര്‍ ഭരണ നേതൃത്വത്തില്‍ കാര്യമായ സ്ഥാനമില്ലാത്ത ഷെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ താനിയുമായി ചര്‍ച്ച നടത്തിയ സൗദി നടപടിയും ഖത്തറിനെ ചൊടിപ്പിച്ചു. ഹജ് വിഷയമല്ല, സൗദിയിലെ തന്റെ സ്വത്തുക്കള്‍ സംബന്ധിച്ചാണ് ഷെയ്ഖ് അബ്ദുല്ല സൗദി രാജാവുമായി ചര്‍ച്ച നടത്തിയതെന്നാണ് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. സൗദിയടക്കമുള്ള നാലു രാജ്യങ്ങളുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ കുവൈത്ത് അമീറിന്റെ മധ്യസ്ഥത മാത്രമാണ് അംഗീകരിക്കുന്നതെന്നാണ് ഖത്തറിന്റെ നിലപാട്.