കോളിളക്കം സൃഷ്ടിച്ച അബ്ദലി ചാരക്കേസ് പ്രതികളില്‍ ഒളിവില്‍ പോയ പന്ത്രണ്ട് പേരെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അപ്പീല്‍ കോടതി വിധി എതിരായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പതിനാലു പ്രതികളില്‍ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്.
കുവൈത്തിലെ അബ്ദലി മേഖലയില്‍ നിന്ന് 2015ല്‍ സ്ഫോടക വ്സതുക്കളും ആയുധങ്ങളും കണ്ടെടുത്ത കേസിലെ പ്രതികളെയാണ് കുവൈത്ത് പൊലീസ് പിടികൂടിയത്. അപ്പീല്‍ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് ജയില്‍ മോചിതരായ പതിനാലു പ്രതികള്‍ക്ക് സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഈ പതിനാലു പേരും ഒളിവില്‍ പോയത്. കുവൈത്തിന്റെ തന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പന്ത്രണ്ട് പേര് പിടിയിലായത്. അവശേഷിക്കുന്ന രണ്ട് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും കുവൈത്ത് പൊലീസ് അറിയിച്ചു. പ്രതികള്‍ കടല്‍ മാര്‍ഗം ഇറാനിലേക്ക് കടന്നുവെന്നായിരുന്നു ആദ്യനിഗമനം. ഇതേ തുടര്‍ന്ന് ഇറാനുമായുള്ള നയതന്ത്ര ബന്ധം കുവൈത്ത് പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതികള്‍ക്ക് ഇറാനുമായും ഭീകരസംഘടനയായ ഹിസ്ബുള്ളയുമായും അടുത്ത ബന്ധമുണ്ടെന്നാണ് കുവൈത്ത് പൊലീസിന്റെ കണ്ടെത്തല്‍.