ഇന്ത്യയുള്‍പ്പെടെ എണ്‍പത് രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഓണ്‍ അറൈവല്‍ വീസ അനുവദിക്കുമെന്ന് ഖത്തര്‍. ആറുമാസം കാലാവധിയുള്ള പാസ്പോര്‍ട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ഹാജരാക്കിയാല്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു മാസത്തെ ഓൡണ് അറൈവല്‍ വീസ നല്‍കും.
ഇതാദ്യമായാണ് ഇന്ത്യക്കാര്‍ക്ക് ഏതെങ്കിലും ഒരു ഗള്‍ഫ് രാജ്യം ഓണ്‍ അറൈവല്‍ വീസ അനുവദിക്കുന്നത്. ഖത്തറില്‍ പ്രവേശിക്കുന്ന ദിവസം മുതല്‍ ഒരു മാസത്തേക്കായിരിക്കും വീസയുടെ കാലാവധി. ഇതിനിടയില്‍ ഖത്തറിനു പുറത്തുപോയി തിരിച്ചെത്താനും സാധിക്കും. ആവശ്യമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഒരു മാസത്തേക്കു കൂടി വീസ നീട്ടിയെടുക്കാം. ഇതോടെ ഓണ്‍ അറൈവല്‍ വീസയില്‍ എത്തുന്നവര്‍ക്ക് പരമാവധി രണ്ടു മാസം വരെ ഖത്തറില്‍ തങ്ങാം. ഇന്ത്യ അടക്കം 47 രാജ്യങ്ങളിലെ പൗരന്മാര്ക്ക് 30 ദിവസത്തെയും മറ്റ് 33 രാജ്യങ്ങളിലെ പൗരന്മാര്ക്ക് 90 ദിവസത്തേക്കുമാണ് ഓണ്‍ അറൈവല്‍ വീസ നല്‍കുക. ഖത്തറിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. 2016 നവംബറില്‍ സൗജന്യ ട്രാന്‍സിറ്റ് വീസ പദ്ധതിയും ഖത്തര്‍ നടപ്പാക്കിയിരുന്നു. ഖത്തര്‍ വഴി കടന്നു പോകുന്ന യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ സമയം രാജ്യത്ത് ചെലവഴിക്കാന്‍ അനുവദിക്കുന്നതാണ് ഈ പദ്ധതി. ഇതിനു പുറമേ സൗജന്യ ട്രാന്‍സിറ്റ് വീസയുള്ളവര്‍ക്ക് ദോഹയിലെ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒരു ദിവസത്തെ സൗജന്യതാമസവും നല്‍കുന്നുണ്ട്.