കുറഞ്ഞ വരുമാനക്കാര്‍ക്ക് കുറഞ്ഞ വാടകയില്‍ താമസിക്കാനുള്ള പദ്ധതിയുമായി അബുദാബി നഗരസഭ. കുറഞ്ഞ വാടക ഈടാക്കി പ്രത്യേക ഫള്ാറ്റുകളും താമസകേന്ദ്രങ്ങളും ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഉയര്‍ന്ന താമസ വാടകയാണ് അബുദാബിയില്‍ ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് കുറഞ്ഞ വാടകയുള്ള ഫ്ളാറ്റുകളും താമസകേന്ദ്രങ്ങളും നഗരസഭ തുറക്കുന്നത്. ബാച്ചിലറായി താമസിക്കുന്നവര്‍ക്ക് മാസം 700 ദിര്‍ഹം മുതല്‍ 1400 ദിര്‍ഹം വരെ വാടക ഈടാക്കി കൊണ്ടുള്ള താമസകേന്ദ്രങ്ങളാണ് ഒരുക്കുക. രണ്ടായിരം മുതല്‍ നാലായിരം ദിര്‍ഹം വരെ പ്രതിമാസ ശന്പളം ലഭിക്കുന്ന ബാച്ചിലര്മാര്ക്കായിരിക്കും ഇത്തരം താമസകേന്ദ്രങ്ങളില്‍ സൗകര്യം അനുവദിക്കുക. കുറഞ്ഞ വരുമാനക്കാര്‍ക്ക് കുടുംബമായി താമസിക്കുന്നതിന് 1400 ദിര്‍ഹം മുതല്‍ 2100 ദിര്‍ഹം വരെ വാടകയുള്ള ഫ്ളാറ്റുകളാണ് നല്‍കുക.
ആറായിരം ദിര്‍ഹത്തില്‍ താഴെ മാസവരുമാനമുള്ള കുടുംബങ്ങളെയാണ് ഈ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരിക. ഇതിനു പുറമേ വാടകക്കാരന്റെ വരുമാനത്തിന്റെ 35 ശതമാനത്തില്‍ കൂടുതലാകരുത് കെട്ടിട വാടക എന്നും വ്യവസ്ഥയുണ്ട്. ബാച്ചിലര്‍മാര്‍ക്കായി നിര്‍മിക്കുന്ന താമസകേന്ദ്രങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കില്ല. ഉയര്‍ന്ന താമസ വാടകയെ മറികടക്കാന്‍ ഒരു മുറിയില്‍ ഒട്ടേറെ ബാച്ചിലേഴ്സ് തിങ്ങി ഞെരുങ്ങി താമസിക്കുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി നഗരസഭ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്.