65 വയസു പിന്നിട്ടവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് ദുബായില്‍ പുതിയ നിബന്ധന. ആര്.ടി.എ അംഗീകാരമുള്ള ആശുപത്രികളിലോ ക്ലിനിക്കുകളിലോ വൈദ്യപരിശോധന നടത്തിയാല്‍ മാത്രമായിരിക്കും ഇനിമുതല്‍ ഇവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുക.
65 വയസു പിന്നിട്ടവര്‍ക്ക് വാഹനമോടിക്കുന്നതിന് പ്രയാസമുള്ള രോഗങ്ങളോ, ബുദ്ധിമുട്ടുകളോ ഇല്ലെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്നിരിക്കുന്നത്. കാഴ്ചക്കുറവോ, മറ്റ് ശാരീരിക പ്രശ്നങ്ങളോ ഡ്രൈവിങ്ങിനെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തും. ഡ്രൈവിങ്ങിനെ ബാധിക്കുന്ന തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ല. പ്രായമേറിയവര്‍ക്കുള്ള ലൈസന്‍സിന്റെ കാലാവധി മൂന്നു വര്‍ഷമായിരിക്കും. നിലവില്‍ സ്വദേശികള്‍ക്ക് പത്തുവര്ഷത്തേക്കും വിദേശികള്‍ക്ക് അഞ്ചു വര്‍ഷത്തേക്കുമാണ് ലൈസന്‍സ് പുതുക്കി നല്‍കുന്നത്. പരിശോധന നടത്തുന്ന ആശുപത്രികളില്‍ നിന്ന് ഓണ്‍ലൈന്‍ സംവിധാനം വഴിയായിരിക്കും പരിശോധനയുടെ വിശദാംശങ്ങള്‍ നല്‍കുക.
സെപ്റ്റംബര്‍ ഒന്നു മുതലായിരിക്കും പുതിയ വ്യവസ്ഥ നിലവില്‍ വരിക. വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും ഇത്തരത്തില്‍ ലൈസന്‍സ് പുതുക്കുന്നതിന് മുന്‍പ് ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നു. ഗതാഗത സുരക്ഷാനടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ വ്യവസ്ഥകളെന്നാണ് ആര്.ടി.എയുടെ വിശദീകരണം.