ദുബായിലെ ആഡംബര താമസ സമുച്ചയമായ ടോര്‍ച്ച് ടവറിലുണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം. ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തില്‍ ആളപായം ഉണ്ടായില്ലെങ്കിലും പല ഫ്ളാറ്റുകളും പൂര്‍ണമായി കത്തി നശിച്ചു.
ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ പാര്‍പ്പിട സമുച്ചയമായ ടോര്‍ച്ച് ടവറില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീപിടുത്തമുണ്ടായത്. 86 നിലകളുള്ള കെട്ടിടത്തിന്റെ 65ആം നിലയില്‍ നിന്നാണ് തീപടര്‍ന്നത്. തീ പിടിച്ചയുടന്‍ മുന്നറിയിപ്പ് അലാമുകള്‍ ശബ്ദിച്ചതിനാല് താമസക്കാര്‍ക്ക് വേഗത്തില്‍ തന്നെ പുറത്തിറങ്ങാനായി. കെട്ടിടത്തിന്റെ മുകള്‍ നിലകളില്‍ നിന്ന് കോണിപ്പടി വഴി താഴയെത്തിയപ്പോഴേക്കും പലരും തളര്‍ന്നു വീണു. പലരുടെയും പണവും ആഭരണങ്ങളും പാസ്പോര്‍ട്ട് അടക്കമുള്ള വിലപിടിച്ച രേഖകളും തീപിടുത്തത്തില്‍ നശിച്ചു. ദുബായ് സിവില്‍ ഡിഫന്‍സിന്റെ വിവിധ യൂണിറ്റുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടിച്ച കെട്ടിടാവശിഷ്ടങ്ങള്‍ താഴേക്ക് വീണു ചിതറിയത് രക്ഷാ പ്രവര്‍ത്തനം ദുസഹമാക്കി.
ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ റാഷിജ് താനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കെട്ടിടത്തിലെ താമസക്കാര്‍ക്ക് സമീപത്തെ കെട്ടിടങ്ങള്‍ താമസസൗകര്യം ഒരുക്കി. കെട്ടിടം സിവില്‍ ഡിഫന്‍സ് സീല്‍ ചെയ്തു. തീപിടുത്തത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2015 ഫെബ്രുവരിയിലും ഈ കെട്ടിടത്തില്‍ വന്‍ തീപിടുത്തം ഉണ്ടായിരുന്നു.