സൗദി അറേബ്യയിലെ ആദ്യ സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമായി ഉക്കാദ് ചന്തയെ മാറ്റുന്നു. സൂക്ക് ഉക്കാദ് ചരിത്ര നഗരം" നിര്‍മിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളും നിര്‍മാണ മാതൃകയും പൂര്‍ത്തിയായി കഴിഞ്ഞു.
ഉക്കാദ് ചന്തയെ ആദ്യവിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പൈതൃകനഗരം നിര്‍മിക്കുന്നത് അടക്കമുള്ള പദ്ധതികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്. കിങ് സല്മാന് പൈതൃക പദ്ധതിയുടെ ഭാഗമായാണ് സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രം തുടങ്ങുന്നത്. തായിഫ് നഗരത്തിന്റെ പുതിയ വാണിജ്യ കേന്ദ്രവും അവധിക്കാല വിനോദ കേന്ദ്രവുമാക്കി ഉക്കാദ് ചന്തയെ മാറ്റിയെടുക്കും. 800 കോടി റിയാൽ മുതൽമുടക്കിൽ 10 ദശലക്ഷം മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന നഗരത്തിന്റെ 89 ശതമാനം നിക്ഷേപവും സ്വകാര്യ പങ്കാളിത്തത്തിലാണ്. ദേശീയ പരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി 81.5 കോടി റിയാൽ ഇതിനായി ബജറ്റിൽ വകയിരുത്തി.
വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന മേളകൾ, കവിതാ സദസ്സുകൾ, നാടക മേളകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും. സൂഖ് ഉക്കാദ് നഗരപദ്ധതിയുടെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെ ഉല്ലാസ കേന്ദ്രം, പൈതൃക വ്യാപാര ഗ്രാമം, ചന്ത, പാർപ്പിട കേന്ദ്രങ്ങൾ, പാരിസ്ഥിതിക ക്യാംപസ്, വ്യാപാര സമുച്ചയങ്ങൾ തുടങ്ങി 18 പദ്ധതികള്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.