പൂച്ചകളെ വെടിവെച്ചു കൊന്ന് ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. സൗദി ഭരണാധികാരി സൽമാൻരാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ നിർദേശമനുസരിച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പിടികൂടാനും വിചാരണ ചെയ്യാനുമാണ് മക്കാ ഗവർണർ നിർദേശം നൽകിയിരുന്നത് . ജിദ്ദയിലെ തെരുവുകളിൽ യുവാവ് പൂച്ചകളെ വെടിവെച്ചു കൊല്ലുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് നടപടി.
സംഭവം ശ്രദ്ധയിൽപ്പെട്ട സൗദി പരിസ്ഥിതി മന്ത്രാലയവും യുവാവിനെ പിടികൂടുമെന്ന് അറിയിച്ചിരുന്നു . യാതൊരു കാരുണ്യവുമില്ലാതെ ജീവികളെ കൊല്ലുന്നത് സൗദിയുടെ നിയമത്തിനും പാരമ്പര്യത്തിനും എതിരാണെന്ന് മന്ത്രാലയം അറിയിച്ചു. കഴുകി നിർത്തിയിടുന്ന കാറിനു മുകളിൽ പൂച്ച കയറി വൃത്തികേടാക്കിയതാണ് യുവാവിന് പൂച്ചകളോട് ശത്രുതയുണ്ടാവാൻ കാരണമായതെന്ന് പറയുന്നു. സമൂഹമാധ്യമങ്ങളിൽ യുവാവിനെതിരെ പൊതുജനാഭിപ്രായം ഉയർന്നിരുന്നു . ഇന്ന് (വെള്ളി) രാവിലെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.