ദുബായില്‍ വാഹനങ്ങളുടെ മുന്നിൽ ക്യാമറ ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമല്ലെന്ന് ഗതാഗത വകുപ്പ്. അപകടങ്ങൾ മുൻകൂട്ടി കണ്ട് മുൻകരുതലുകൾ സ്വീകരിക്കാൻ മുന്നിലെ ക്യാമറ കൊണ്ടാകുമെന്നും ഇതുസംബന്ധിച്ച് പൊലീസില്‍നിന്ന് വിശദീകരണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.
പുതുതായി നിരത്തിലിറങ്ങുന്ന പല കമ്പനികളുടെ വാഹനങ്ങളിലും ക്യാമറയുണ്ട്. സാങ്കേതിക ഉപകരണങ്ങൾ ദുരുപയോഗം ചെയ്ത് സ്വാകാര്യത ചോർത്തരുതെന്ന് മാത്രമാണ് ഇതുസംബന്ധിച്ച് ദുബായ് പൊലീസിന്റെ നിലപാട്. വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ ഇൻഷൂറൻസ് കമ്പനികളിൽനിന്നും അര്‍ഹതപെട്ടവര്‍ക്ക് അവകാശങ്ങൾ ലഭിക്കാനും മുന്നിലെ ക്യാമറാ ദൃശ്യങ്ങള്‍ സഹായകമാകും. ദൃശ്യങ്ങൾ ലഭിക്കുന്നതോടെ അപകടത്തിന്റെ കാരണക്കാരെ കണ്ടെത്താനും സാധിക്കുമെന്നതാണ് മറ്റൊരു നേട്ടം. ട്രാഫിക് കേസുകളിൽ വാക്കു തർക്കങ്ങളില്ലാതെ തീർപ്പ് കല്പിക്കാനും നിയമ ലംഘകനെ കണ്ടെത്താനും പോലീസിനും പുതിയ ക്യാമറ സംവിധാനം കൂട്ടാകും. വാഹനം ലെയ്ന്‍ മാറിയും കൂട്ടിയിടിച്ചും ഉണ്ടാകുന്ന അപകടങ്ങളിലും നിയമലംഘരെ കുടുക്കാൻ ക്യാമറ ദൃശ്യങ്ങള്‍ സഹായകമാകും. ദൃക്സാക്ഷികളും റോഡ് ക്യാമറകളും ഇല്ലാത്ത കേസുകളിലും നീതിപൂർവം കേസെടുക്കാൻ പുതിയ ക്യാമറാ സംവിധാനം സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.