പ്രശ്നപരിഹാരത്തിന് മുന്നോട്ടുവച്ച ഉപാധികളുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ ഖത്തറിനോടുള്ള സമീപനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അറബ് സഖ്യരാഷ്ട്രങ്ങള്‍. ഭീകര സംഘടനകളോടുള്ള സമീപനം എന്താണെന്ന് ഖത്തര്‍ വ്യക്തമാക്കുകയും ഭീകരവിരുദ്ധ പോരാട്ടത്തില്‍ അണിചേരുകയും വേണം. ബഹ്റൈനില്‍ നടന്ന യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സഖ്യ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ നിലപാട് കടുപ്പിച്ചത്.
ഉപാധികളുടെ കാര്യത്തില്‍ ഉറപ്പുതന്നാല്‍ ഖത്തറുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അറബ് സഖ്യരാഷ്ട്രങ്ങള്‍ വ്യക്തമാക്കി. മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീകരത വന്‍ഭീഷണിയാണെന്ന് ഖത്തര്‍ തിരിച്ചറിയണം. സഖ്യരാഷ്ട്രങ്ങള്‍ മുന്നോട്ടുവച്ച ആറു പ്രധാനകാര്യങ്ങള്‍ രാജ്യാന്തര സമൂഹത്തിന്റെ കൂടി ആവശ്യമാണ്. പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്നും ഒത്തുതീര്‍പ്പിന് പുറമെ നിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും വ്യക്തമാക്കി. ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഖത്തര്‍ അവസാനിപ്പിക്കണമെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ബഹ്റൈന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. രാജ്യങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തുന്ന നിലപാടുകളില്‍ നിന്നു പിന്തിരിയുകയും മേഖലാ-രാജ്യാന്തര കരാറുകള്‍ മാനിക്കുകയും വേണം. ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകരുടെ കാര്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കങ്ങളെ അപലപിക്കുന്നതായി സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.