വളര്‍ച്ചയുടെ വിജയകഥകളുമായി ഒമാന്‍ നാല്‍പ്പത്തിയേഴാം നവോത്ഥാനദിനം ആഘോഷിച്ചു. സുല്‍ത്താന്‍ ഖാബൂസ് അധികാരമേറ്റ ദിവസമാണ് നവോത്ഥാന ദിനമായി രാജ്യം ആഘോഷിക്കുന്നത്.
ഒമാന്റെ ചരിത്രം മാറ്റിമറിച്ച ദിവസമായിരുന്നു 1970 ജൂലൈ 23. രാജ്യത്തിന് പുതിയ പ്രതീക്ഷയും ഉണര്‍വും നല്കി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ഭരണസാരഥ്യം ഏറ്റെടുത്തു. രാജ്യത്തെ പുരോഗതിയുടെയും വികസനത്തിന്റെയും അറിവിന്റെയും സംസ്കാരത്തിന്റെയും പുതിയ പാതകളിലേക്ക് നയിക്കുമെന്നായിരുന്നു സുല്‍ത്താന്റെ പ്രഖ്യാപനം. നാലര പതിറ്റാണ്ട് പിന്നിടുന്പോള്‍ ആ വാക്കുകള്‍ ചരിത്രസത്യമായിരിക്കുന്നു. ഭരണം ഏറ്റെടുക്കുമ്പോള്‍ 15 കിലോമീറ്റര്‍ മാത്രം ടാറിട്ട റോഡുണ്ടായിരുന്ന ഒമാനെ ആധുനികസൗകര്യങ്ങളുമുള്ള ഒന്നാംനിര രാഷ്ട്രമായി വളര്‍ത്താന്‍ സുല്‍ത്താന്‍ ഖാബൂസിനായി. പതിമൂന്ന് ലക്ഷം വരുന്ന പ്രവാസികളെ കൂടി വിശ്വാസത്തിലെടുത്തും പങ്കു ചേര്‍ത്തുമാണ് സുല്‍ത്താന്‍ ഖാബൂസിന്റെ വികസന സങ്കല്പങ്ങള്. ഓരോ വിദേശിയുടെയും സംസ്കാരവും പാരന്പര്യവും അംഗീകരിച്ച് പൂര്ണമതസ്വാതന്ത്ര്യവും അദ്ദേഹം അനുവദിച്ചു.
വിപുലമായ ആഘോഷ പരിപാടികളാണ് ഒമാനില്‍ നവോത്ഥാന ദിനത്തോട് അനുബന്ധിച്ച് ഒരുക്കിയത്. ജനങ്ങളുടെ ആവശ്യങ്ങളിലും പ്രശ്നങ്ങളിലും അവരിലൊരാളായി അവര്‍ക്കു വേണ്ടി നില കൊള്ളുന്നതാണ് സുല്‍ത്താന്‍ ഖാബൂസിനെ വ്യത്യസ്തനാക്കുന്നതും, ജനങ്ങള്‍ക്ക് പ്രിയങ്കരനാക്കുന്നതും.