ബഹ്റൈനില്‍ തൊഴിലാളികള്‍ സ്വയം സ്പോണ്സര് ചെയ്യാന്‍ സാധിക്കുന്ന ഫ്ളക്സി വര്‍ക്ക് പെര്‍മിറ്റ് പദ്ധതി ഞായറാഴ്ച പ്രാബല്യത്തില്‍ വരും. തൊഴിലാളികള്‍ക്ക് ഇഷ്ടാനുസരണം വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി നല്കുന്ന സംവിധാനമാണ് ഫ്ളക്സി വര്‍ക്ക് പെര്‍മിറ്റ്. ഗള്‍ഫില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
വിസാ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുവര്ക്ക് മാത്രമാണ് ഫ്ളെക്സി വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അനുമതിയുള്ളത്. കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ടുള്ളവര്‍ക്ക് സിത്രയിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ അപേക്ഷിക്കാം. രണ്ടു വര്‍ഷ കാലാവധിയുള്ള അനുമതിപത്രത്തിന് 449 ദിനാറാണ് ഫീസ്. കൂടാതെ പ്രതിമാസം 30 ദിനാര്‍ നല്‍കണം. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് തുക മുന്‍കൂറായി അടയ്ക്കേണ്ടിവരും. നിയമലംഘകരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് താമസവും തൊഴിലും നിയമവിധേയമാക്കാന്‍ ഇതുവഴി സാധിക്കും. എന്നാല്‍ സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. താമസം, ഇന്‍ഷൂറന്‍സ്, ആരോഗ്യ പരിരക്ഷ എന്നിവയുടെ ഉത്തരവാദിത്തം തൊഴിലാളിക്ക് തന്നെയായിരിക്കും. പ്രതിമാസം 2000 പേര്‍ക്കാണ് പെര്‍മിറ്റ് നല്‍കുക. 33150150 എന്ന നമ്പറിലേക്ക് തൊഴിലാളികളുടെ സി.പി.ആര്. നമ്പര്‍ എസ്എംഎസ് അയച്ചാല്‍ അപേക്ഷിക്കാന്‍ യോഗ്യരാണോ എന്ന് അറിയാം. വിവരങ്ങള്‍ക്ക് 17103103 നമ്പറില്‍ ബന്ധപ്പെടാം. മലയാളം, ഹിന്ദി, ഉര്‍ദു, ബംഗാളി, ഇംഗ്ലീഷ് ഭാഷകളില്‍ വിശദാശംങ്ങള്‍ ലഭിക്കും.