ഖത്തറിലെ അമേരിക്കന്‍ സൈനികതാവളം അടച്ചാലും യുഎസിനു മുന്നില്‍ ബദല്‍ മാര്‍ഗങ്ങളുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മധ്യപൂര്‍വ ദേശത്തെ പത്തോളം രാജ്യങ്ങള്‍ അമേരിക്കയ്ക്ക് സൈനികതാവളം നല്കാന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ദോഹയ്ക്ക് സമീപം അല്‍ ഉദൈദിലാണ് ഖത്തറിലെ അമേരിക്കയുടെ സൈനികതാവളം. ഏകദേശം പതിനൊന്നായിരത്തോളം അമേരിക്കന്‍ സൈനികരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.
ഖത്തറും സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി നാല്പത് ദിവസം പിന്നിട്ടിട്ടും പരിഹരിക്കാന്‍ വഴി തെളിയാതെ വന്നതോടെയാണ് സൈനികതാവളം മാറ്റുന്നതിന്റെ സാധ്യതകളെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് സൂചിപ്പിച്ചത്. മേഖലയിലെ പത്ത് രാജ്യങ്ങള്‍ അമേരിക്കയ്ക്ക് സൈനികതാവളം നല്കാന് തയാറാണെന്നും അങ്ങനെ ചെയ്താല്‍ ആ രാജ്യങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ നിലവില്‍ അമേരിക്കയും ഖത്തറും തമ്മില്‍ പ്രശ്നങ്ങളില്ല. ഈ സാഹചര്യത്തില്‍ സൈനികതാവളം മാറ്റുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിച്ച് ഖത്തറിനെ തിരികെ കൊണ്ടുവരേണ്ടത് അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കരിക്കുന്നതിന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഒരാഴ്ച ഗള്‍ഫ് മേഖലയില്‍ തങ്ങി എല്ലാ രാജ്യത്തെ ഭരണാധികാരികളുമായും അദ്ദേഹം ചര്‍ച്ച നടത്തിയെങ്കിലും പ്രതിസന്ധി പരിഹരിക്കാനായില്ല.