മസ്കത്ത്: സുല്‍ത്താനേറ്റ് കോളറാ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. അതേസമയം, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ബോധവത്കരണം നടത്തുന്നതിനും നിര്‍ദേശം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. ഒമാനില്‍ കോളറയുണ്ടെന്ന പ്രചാരണം നിഷേധിച്ച് മന്ത്രാലയം രംഗത്തെത്തുകയായിരുന്നു. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു
നിലവില്‍ രാജ്യത്ത് കോളറയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കോളറ രോഗത്തെ മറികടക്കുന്നതിനാവശ്യമായ നടപടികള്‍ മന്ത്രാലയം കൈകൊള്ളുകയും കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍ പ്രതിരോധ നടപടികള്‍ക്കായി മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
മലിനമായ ഭക്ഷണം, ജലം എന്നിവയിലൂടെയല്ലാതെ കോളറ പകരില്ല. സ്വദേശികളും വിദേശികളും ശുചിത്വം പാലിക്കുന്നതില്‍ ശ്രദ്ധ ചെലുത്തണം. ഭക്ഷണത്തിന് മുമ്പും പിമ്പും വെള്ളവും സോപ്പുമുപയോഗിച്ച് കൈ കഴുകണം എന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.