വിദേശ തൊഴിലാളികളുടെ ആശ്രിതർക്ക് ഏർപ്പെടുത്തിയ പ്രത്യേക ലെവി സർക്കാർ ജീവനക്കാരായ വിദേശികളുടെ ആശ്രിതർക്ക് ബാധകമാവില്ലെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ ആശ്രിതർക്ക് മാത്രമാണ് ആശ്രിത ലെവി ബാധകമാവുക. താമസാനുമതി രേഖകൾ പുതുക്കുമ്പോള്‍ ആശ്രിത ലെവി മുന്‍കൂറായാണ് അടയ്‌ക്കേണ്ടത്. ഇഖാമ (താമസാനുമതി രേഖ) ഫീസിന് പുറമെ മുഴുവന്‍ ആശ്രിതര്‍ക്കുമുള്ള ലെവിയും ഒരുമിച്ച് അടയ്ക്കണം.
വിദ്യാർഥി വീസയിൽ സ്ഥിരം താമസാനുമതി രേഖയുമായി സൗദിയിൽ കഴിയുന്ന വിദേശികളുടെ കുടുംബങ്ങൾക്ക് ആശ്രിത ലെവി ബാധകമല്ലെന്ന് പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. ഇഖാമ ഫീസ് ബാധകമല്ലാത്ത വിഭാഗങ്ങളിൽപെട്ടവർക്ക് ആശ്രിത ലെവിയും ബാധകമല്ലെന്ന് പാസ്‌പോർട്ട് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ഇഖാമ നിയമത്തിലെ മൂന്നാം വകുപ്പിലെ രണ്ടും മൂന്നും ഖണ്ഡികകൾ ഇഖാമ ഫീസ് ബാധകമല്ലാത്ത വിഭാഗങ്ങളെ നിർണയിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് അവരുടെ പഠന കാലത്തിൽ കൂടാത്ത കാലമോ നാലു വർഷമോ ഏതാണ് കുറവെങ്കിൽ അത്രയും കാലത്തേക്ക് സ്ഥിരംതാമസാനുമതി രേഖ നൽകുന്നുണ്ട്.
സർക്കാർ വകുപ്പുകളുമായും മന്ത്രാലയങ്ങളുമായും തൊഴിൽ കരാറിലേർപ്പെട്ടവർക്കും സ്ഥിരം താമസാനുമതിരേഖ നൽകാറുണ്ട് . തൊഴിൽ കരാർ കാലാവധിയോ നാലു വർഷമോ ഏതാണ് കുറവെങ്കിൽ അത്രയും കാലത്തെ കാലാവധിയുള്ള സ്ഥിരം താമസാനുമതി രേഖയാണ് ഇവർക്കും അനുവദിക്കാറുള്ളത് . ഇവരുടെ താമസാനുമതി രേഖകൾക്ക് ഫീസ് ബാധകമല്ല. അതുകൊണ്ടു തന്നെ ആശ്രിത ലെവിയും ബാധകമല്ല. വിദേശികളുമായുള്ള വിവാഹ ബന്ധത്തിൽ സൗദി വനിതകൾക്ക് പിറന്ന, സൗദി പൗരത്വം ലഭിക്കാത്ത മക്കൾ, സൗദി പൗരന്മാരുടെ വിദേശികളായ മാതാക്കൾ, സൗദി പൗരന്മാരുടെ വിധവകൾ- വിവാഹ മോചിതർ, റീ-എൻട്രി വീസയിൽ സ്വദേശങ്ങളിലേക്ക് പോയ ശേഷം വീസാ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്ത വിദേശി ആശ്രിതർ, സ്ഥിരം താമസാനുമതി രേഖകളുള്ള മറ്റു വിഭാഗക്കാർ എന്നിവർക്കും ആശ്രിത ലെവി ബാധകമല്ലെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചു.