സൗദിയില്‍ വിദേശികള്‍ക്ക് ലെവി നിര്‍ബന്ധമാക്കിയതോടെ ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേര് നാട്ടിലേക്ക് മടങ്ങാന്‍ സാധ്യത. ഇത് രാജ്യത്തെ ഉപഭോഗത്തില്‍ വന്‍ ഇടിച്ചിലുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
നിലവില്‍ സൗദിയില്‍ 11 ലക്ഷം കുടുംബങ്ങളിലായി 43 ലക്ഷം ആശ്രിതരുണ്ടെന്നാണ് കണക്ക്. ഇവര്‍ 8800 കോടി റിയാലാണ് വര്‍ഷം ചെലഴിക്കുന്നത്. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 3.7 ശതമാനം വരും ഇത്. കൂടുതല്‍ ആശ്രിതരുള്ള കുടുംബങ്ങളുടെ ബജറ്റിനെയാണ് ലെവി പ്രതികൂലമായി ബാധിക്കുന്നത്. ഇതിനു പുറമെ ജീവിത ചെലവിലുണ്ടായ വര്‍ധനയും തിരിച്ചുപോക്ക് ശക്തമാക്കി. മലയാളികള്‍ ഉള്‍പെടെ നിരവധി കുടുംബങ്ങള്‍ ഇതോടകം നാട്ടിലേക്ക് മടങ്ങിയിരുന്നു.
100 റിയാലില്‍ തുടങ്ങിയ പ്രതിമാസ ആശ്രിത ഫീ 2020ഓടെ 400 റിയാലായി വര്‍ധിക്കും. ഇതോടെ വിദേശികളുടെ സാമ്പത്തിക ബാധ്യത ഇനിയും കൂടും. ചെലവ് കുറച്ച് മിച്ചം വയ്ക്കാന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം ശേഷിച്ച കുടുംബങ്ങളെ കൂടി തിരിച്ചയക്കാന്‍ വിദേശികള്‍ നിര്‍ബന്ധിതരാകും. ഇത് റീട്ടെയില്‍, ഭക്ഷ്യ മേഖലകളിലും വിദ്യാഭ്യാസം, യാത്ര, ടെലിക്കോം തുടങ്ങിയ സേവന മേഖലകളിലും ആഘാതമേല്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.