സൈബര്‍ സുരക്ഷയില്‍ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഒമാന്‍. ഈജിപ്ത് രണ്ടാം സ്ഥാനത്തും ഖത്തര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ആഗോള സൈബര്‍ സുരക്ഷാ സൂചികയിലാണ് അറബ് രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി ഒമാന്‍ മികവ് പുലര്‍ത്തിയത്. സിംഗപ്പൂര്‍, അമേരിക്ക, മലേഷ്യ എന്നീ രാജ്യങ്ങളാണ് പഴുതടച്ച സൈബര്‍ സുരക്ഷയിലെ വമ്പന്മാര്. ആഗോള അടിസ്ഥാനത്തില്‍ സൈബര്‍ സുരക്ഷയില്‍ നാലാം സ്ഥാനമുണ്ട് ഒമാന്‍. ഖത്തര്‍ ഇരുപഞ്ചാമതും യുഎഇ 47ാം സ്ഥാനത്തുമാണ്.
നിയമപരമായും സാങ്കേതികമായും സമഗ്രമായ സൈബര്‍ സുരക്ഷ ഒരുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഒമാന്‍ സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈനിലൂടെയുള്ള ഭീഷണിയും തട്ടിപ്പും തടയാന്‍ ജനങ്ങളെ ബോധവല്‍കരിക്കുന്ന സുരക്ഷിത ഇന്റര്‍നെറ്റ് ദിന ക്യാംപെയിനാണ് ഖത്തറിന് ഗുണമായത്. ഐക്യരാഷ്ട്രസഭയുടെ വിവര, വാര്‍ത്താവിനിമയ സാങ്കേതിക വിഭാഗം ഏജന്‍സിയായ രാജ്യാന്തര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയനാണ് ലോക രാജ്യങ്ങളുടെ സൈബര്‍ സുരക്ഷാ സൂചിക പുറത്തുവിട്ടത്.