ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് നികുതി കൂടാതെ കാര്‍ഗൊ അയക്കാവുന്ന സൗജന്യ പരിധി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു. പുതുതായി 41 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ വിമാനത്താവളത്തില്‍ അഞ്ഞൂറ് ടണ്ണോളം കാര്‍ഗൊ കെട്ടിക്കിടക്കുകയാണ്. സാധാരണ പ്രവാസികളെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുക.
നികുതിയില്ലാതെ ഇരുപതിനായിരം രൂപയുടെ സാധനങ്ങള്‍ കാര്‍ഗൊ വഴി അയക്കാമെന്ന നിയമമാണ് ശനിയാഴ്ച മുതല്‍ നിര്‍ത്തലാക്കിയത്. ഇനി 2000 രൂപ മൂല്യമുള്ള സാധനം അയക്കണമെങ്കില്‍ 41 ശതമാനവും രണ്ടായിരത്തിന് മുകളില്‍ 74 ശതമാനം വരെയും നികുതി അടയ്ക്കണം. മുന്നറിയിപ്പില്ലാതെ എത്തിയ നികുതിയില്‍ നട്ടംതിരിയുകയാണ് സാധാരണ പ്രവാസികളും കാര്‍ഗൊ കമ്പനികളും.
ജിഎസ്ടിയുടെ മറവില്‍ പ്രവാസികള്‍ക്ക് ചുമത്തിയ പുതിയ നികുതി പിന്‍വലിക്കുക, കെട്ടിക്കിടക്കുന്ന കാര്‍ഗൊ നികുതിയില്ലാതെ വീണ്ടെടുക്കാന്‍ അവസരമൊരുക്കുക എന്നിവയാണ് കാര്‍ഗൊ കമ്പനികളുടെ ആവശ്യം.
പ്രശ്നത്തിന് ശാശ്വത പരിഹാരം ആകും വരെ ഡോര്‍ ടു ഡോര്‍ കാര്‍ഗൊ സേവനം നിര്‍ത്തിവയ്ക്കുമെന്നും ഗള്‍ഫിലെ കാര്‍ഗൊ അസോസിയേഷന് അറിയിച്ചു.