ദുബായില്‍ നിയമലംഘകരെ പിടികൂടാന്‍ ഇനി റോബോട്ടിക് കാറുകളും. O-_R3 എന്ന സ്വയം നിയന്ത്രിത റോബോട്ടിക് കാറുകള്‍ ഈ വര്‍ഷത്തോടെ ദുബായ് പൊലീസിന്റെ ഭാഗമാകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ നടത്തുന്നതിനായിരിക്കും ഈ കാറുകള്‍ ഉപയോഗിക്കുക.
ഒരു വലിയ കളിപ്പാട്ടക്കാറിന്റെ വലിപ്പം മാത്രമുള്ള ഈ റോബോട്ടിക് കാറായിരിക്കും ഇനി മുതല്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും നിരീക്ഷണം നടത്തുക. പിടികിട്ടാപ്പുള്ളികളുടെയും കുപ്രസിദ്ധ കുറ്റവാളികളുടെയും എല്ലാം വിശദാംശങ്ങള്‍ ഈ കാറിന്റെ മെമ്മറിയില്‍ ശേഖരിച്ചിട്ടുണ്ടാകും. കാറിലുള്ള വിവിധ ക്യാമറകള്‍ തുടര്‍ച്ചയായി പരിസരം നിരീക്ഷിച്ചുകൊണ്ടിരിക്കും. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ പൊലീസ് കണ്ട്രോള് റൂമിലേക്ക് സന്ദേശമയക്കും. ഉടമസ്ഥരില്ലാതെ കാണപ്പെടുന്ന ബാഗുകളും മറ്റും ഈ വാഹനം കൃത്യമായി കണ്ടെത്തും. നിയമലംഘനം നടത്തി ഓടി രക്ഷപെടാന്‍ ശ്രമിച്ചാലും കാര്യമില്ല. കുറ്റവാളി രക്ഷപെടാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ കാറിനുള്ളിലുള്ള ഡ്രോണ്‍ താനേ ആകാശത്തേക്ക് പറന്നുയരും. ഓടിക്കൊണ്ടിരിക്കുന്ന കുറ്റവാളിയുടെ ദൃശ്യങ്ങള്‍ തല്‍സമയം പൊലീസ് കണ്ട്രോള് റൂമിലേക്ക് അയച്ചു കൊണ്ടിരിക്കും.
മിനിട്ടുകള്‍ക്കുള്ളില്‍ പ്രതി പൊലീസിന്റെ വലയിലാവുകയും ചെയ്യും. മുന്നിലുള്ള തടസങ്ങള്‍ കണ്ടെത്തി അതിനനുസരിച്ച് സ്വയം യാത്രപഥം ക്രമീകരിക്കാനും ഈ വാഹനത്തിനാകും. ദുബായ് പൊലീസിന്റെ കണ്ട്രോള് റൂമുമായി ഈ വാഹനത്തെ ബന്ധപ്പെടുത്തിയിട്ടുണ്ടാകും. ഈ വര്‍ഷം അവസാനത്തോടെ O.R3 എന്ന ഇത്തരം വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒട്സോ ഡിജറ്റല്‍ എന്ന കന്പനിയുമായി ദുബായ് പൊലീസ് കരാറില്‍ ഒപ്പിട്ടു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിഭാവനം ചെയ്ത സ്മാര്‍ട് ദുബായ് പദ്ധതിയുടെ ഭാഗമായാണ് ഡ്രൈവറില്ലാ പൊലീസ് കാറുകള്‍ നിരത്തിലിറങ്ങുന്നത്.