ഗതാഗത നിയമത്തിലെ ഭേദഗതികള്‍ യുഎഇയില്‍ അടുത്തമാസം മുതല്‍ നിലവില്‍ വരും. ഗതാഗത സുരക്ഷയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്കിക്കൊണ്ടുള്ളതാണ് പുതിയ ഭേദഗതികള്‍.
ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കുക, നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ചൈല്‍ഡ് സീറ്റ്, പത്തു വയസില്‍ താഴെയുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തന്നതിന് വിലക്ക് തുടങ്ങിയവയാണ് ഗതാഗത നിയമത്തില്‍ വന്ന പുതിയ ഭേഗഗതികള്‍. കാറുകളുടെ വിന്‍ഡോ ഗ്ലാസുകളില്‍ അന്‍പത് ശതമാനം സുതാര്യതയുള്ള സണ്‍ഫിലിമുകള്‍ ഒട്ടിക്കുന്നതിനും പുതിയ ഭേദഗതി അനുമതി നല്കുന്നു. അശ്രദ്ധയോടെ വാഹനം ഓടിക്കൽ, വേഗപരിധി ലംഘിക്കുക, ചുവന്ന സിഗ് നൽ കടക്കുക തുടങ്ങി അപകടകരമായി വാഹനമോടിക്കുന്നവര്‍ ഇനി മുതല്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരും. പത്തുവയസിൽ താഴെയുള്ള കുട്ടികളെ മുന്നിലിരുത്തി വാഹനം ഓടിച്ചാൽ 400 ദിർഹമാണു പിഴ. പിടിച്ചെടുത്ത വാഹനം നിശ്ചിത സമയപരിധിക്കുള്ളില്‍ തിരിച്ചെടുത്തില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം പിഴ ഈടാക്കും. ഡ്രൈവറും യാത്രക്കാരും സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ 400 ദിർഹം പിഴ. ഒപ്പം നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ട്രാഫിക് സിഗ്നലുകള്‍ ലംഘിക്കുന്നവര്‍ക്ക് 12 ബ്ലാക് പോയിന്റും ആയിരം ദിര്‍ഹം പിഴയുമാണ് ശിക്ഷ. വാഹനം ഒരു മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.