തീവ്രവാദ ബന്ധമുള്ളവരെന്ന് ജി.സി.സി രാജ്യങ്ങള്‍ പ്രഖ്യാപിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശനം നല്‍കില്ലെന്ന് കുവൈത്ത്. കഴിഞ്ഞ ദിവസം ഗള്‍ഫ് രാജ്യങ്ങള്‍ പുറത്തു വിട്ട പട്ടികയിലെ മതപണ്ഡിതര്‍ അടക്കമുള്ളവര്‍ക്കാണ് വിലക്ക്.
സുന്നി ഷിയ അടക്കം എല്ലാ വിഭാഹങ്ങളിലും പെട്ട മതപണ്ഡിതര്‍ക്ക് വീസ അനുവദിക്കുന്നതിന് പ്രത്യേക നടപടിക്രമം കൊണ്ടുവരുന്ന കാര്യം കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. സംശയാസ്പദമായ തരത്തില്‍ കാര്യങ്ങളില്‍ ഇടപെടുന്നവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നത് തടയുകയാണ് ലക്ഷ്യം. മതകാര്യ വകുപ്പും ആഭ്യന്തരമന്ത്രാലയവും സഹകരിച്ചാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക. ഔഖാഫ് മന്ത്രാലയം കുവൈത്തിലേക്ക് ക്ഷണിക്കുന്ന മതപണ്ഡിതരെ സംബന്ധിച്ചുള്ള വിവരം ആഭ്യന്തരമന്ത്രാലയത്തിനു കൈമാറണം. പ്രസ്തുത വ്യക്തികളെ സംബന്ധിച്ചുള്ള വിവരം ആഭ്യന്തരമന്ത്രാലയം പരിശോധനാവിധേയമാക്കും. അതിനനുസൃതമാകും വീസ നല്‍കുന്നത് സംബന്ധിച്ച തീരുമാനം.
ഖത്തറും മറ്റു ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. മധ്യപൂര്‍വ ദേശത്ത് തീവ്രവാദ പ്രസ്ഥാനങ്ങളെ സഹായിക്കുന്നു എന്നു കരുതുന്ന 59 പേരുടെ പട്ടികയാണ് സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്ത് വിട്ടത്.